
ഹൈദരാബാദ്: തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ പ്ലാന്റിനുള്ളില്‍ കുടുങ്ങിയ ഒന്‍പത് പേരും മരിച്ചുവെന്ന് സ്ഥിരീകരണം. നേരത്തെ ആറ് പേര് മരിച്ചുവെന്ന് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഉള്ളില്‍ കുടുങ്ങിയ ഒന്‍പത് പേരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
പ്ലാന്‍്റില്‍ നിന്ന് പുറത്തെടുത്ത ഒന്‍പത് മൃതദേഹങ്ങളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ സുന്ദര്‍ നായ്ക്, മോഹന്‍ കുമാര്‍, ഫാത്തിമ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നേരത്തെ ആറ് പേരുടെ മരണം നാഗര്‍കര്‍ണൂല്‍ കലക്ടര്‍ എല്‍ ശര്‍മ്മ സ്ഥിരീകരിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സി.ഐ.എസ്.എഫ് സംഘവും പങ്കെടുത്തു.
ആന്ധ്രാ, തെലങ്കാന സര്‍ക്കാരുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ശ്രീശൈലം ജലവൈദ്യുത പ്ലാന്റ്. കൃഷ്ണ നദിയില്‍ നിന്നുള്ള ജലമെടുത്താണ് ഇവിടെ വൈദ്യുതോല്‍പ്പാദനം നടക്കുന്നത്. വൈദ്യുതി പ്ലാന്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിനുള്ളിലെ അണ്ടര്‍ ടണല്‍ പവര്‍ ഹൗസിലാണു കഴിഞ്ഞ ദിവസം രാത്രി തീപിടിത്തം പൊട്ടിപ്പുറപ്പെട്ടത്. ഒന്‍പതു പേര് അകത്തു കുടുങ്ങി. 11 പേരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി. ഒരു ഡിവിഷന് എഞ്ചിനീയറും നാല് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും രണ്ട് ജൂണിയര്‍ പ്ലാന്റ് അറ്റന്‍ഡന്റുമാരും മറ്റ് രണ്ട് പേരുമാണ് അപകട സമയത്ത് ഉള്ളില്‍ കുടുങ്ങിയത്.
ആന്ധ്ര, തെലങ്കാന അതിര്‍ത്തിയിലാണ് അപകടം നടന്ന ശ്രീശൈലം ജലവൈദ്യുതി പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് അന്വേഷണ ചുമതല. എത്രയും വേഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.