പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കും

സംഘടനാ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടക്കും
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കും

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയായിരിക്കും നിശ്ചയിക്കുകയെന്നും സംഘടനാ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. ഒറ്റക്കെട്ടായാണ് തീരുമാനത്തില്‍ എത്തിയതെന്ന് വേണുഗോപാല്‍ പറഞ്ഞു.

കര്‍ഷക സമരത്തിന് നല്‍കുന്ന പിന്തുണ തുടരാനും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് പ്രമേയം യോഗത്തില്‍ പാസാക്കി. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിരുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഇതുവരെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ലെന്നായിരുന്നു സിബല്‍ പറഞ്ഞിരുന്നത്.

എപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുക, എങ്ങനെയാണ് നടക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com