അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് നേപ്പാള്‍ പൊലീസ്; ഒരാള്‍ക്ക് പരിക്ക്
India

അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് നേപ്പാള്‍ പൊലീസ്; ഒരാള്‍ക്ക് പരിക്ക്

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ബിഹാറിലെ കിഷന്‍ഗഞ്ചിലാണ് സംഭവം നടന്നത്

By News Desk

Published on :

കിഷന്‍ഗഞ്ച്: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് നേപ്പാള്‍ അതിര്‍ത്തി പൊലീസ്. മൂന്നു പേര്‍ക്ക് നേരെയാണ് നേപ്പാള്‍ പൊലീസ് വെടിവച്ചത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ബിഹാറിലെ കിഷന്‍ഗഞ്ചിലാണ് സംഭവം നടന്നത്.

വെടിവെപ്പില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇയാളുടെ നില ഗുരുതരമാണെന്നും കിഷന്‍ഗഞ്ച് എസ്പി ആഷിഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നേപ്പാള്‍ പോലീസിനോട് സംസാരിച്ചുവെന്നും കാര്യങ്ങള്‍ ഇപ്പോള്‍ സമാധാനപരമാണെന്നും കുടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിതേന്ദ്ര കുമാര്‍ സിങ്, അങ്കിത് കുമാര്‍ സിങ്, ഗുല്‍ഷന്‍ കുമാര്‍ സിങ് എന്നിവര്‍ കാലികളെ തിരഞ്ഞാണ് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന പോലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ജിതേന്ദ്ര കുമാര്‍ സിങ്ങിനാണ് വെടിയേറ്റതെന്നും പ്രദേശ വാസികള്‍ പറയുന്നു.

ഇത് രണ്ടാം തവണയാണ് ബിഹാറിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ നേപ്പാള്‍ പൊലീസ് നിറയൊഴിക്കുന്നത്. ബിഹാറിലെ സീതാമര്‍ഹി ജില്ലയോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസ് ഉതിര്‍ത്ത വെടിയേറ്റ് ഇക്കഴിഞ്ഞ ജൂണ്‍ 12ന് രണ്ട് പേര്‍ മരണമടഞ്ഞിരുന്നു. നെല്‍വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെയാണ് നേപ്പാള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്. പിന്നാലെ, ഒരാളെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Anweshanam
www.anweshanam.com