ദേശീയ സുരക്ഷാ നിയമം: യുപിയിലെ കേസുകളില്‍ പകുതിയിലധികവും ഗോവധത്തില്‍
India

ദേശീയ സുരക്ഷാ നിയമം: യുപിയിലെ കേസുകളില്‍ പകുതിയിലധികവും ഗോവധത്തില്‍

ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെയാണ് എന്‍എസ്‌എ പ്രകാരം യുപിയില്‍ കേസെടുത്തത്.

News Desk

News Desk

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷ നിയമ (എന്‍എസ്‌എ) പ്രകാരം ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലധികവും ഗോവധവുമായി ബന്ധപ്പെട്ട്. ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെയാണ് എന്‍എസ്‌എ പ്രകാരം യുപിയില്‍ കേസെടുത്തത്. ഇതില്‍ 76 പേര്‍ക്കെതിരെയും ഗോവധക്കുറ്റമാണ് ചുമത്തിയത്.

ഇത്തരത്തിലുള്ള 44 സംഭവങ്ങളാണ് ഓഗസ്റ്റ് 31 വരെ ബറേലി പൊലീസ് സോണില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗോവധം ആരോപിച്ച്‌ കഴിഞ്ഞ ദിവസം ബാറിച്ചില്‍ ഒരാള്‍ക്കെതിരെ എന്‍എസ്‌എ ചുമത്തിയിരുന്നു. അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. പൗരത്വ വിരുദ്ധ ചട്ടപ്രകാരം 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികൃതര്‍ക്ക് തോന്നിയാല്‍ എന്‍‌എസ്‌എ പ്രകാരം ഒരു വ്യക്തിയെ ഒരു വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാം. ഉത്തര്‍പ്രദേശ് പശു കശാപ്പ് നിരോധന നിയമപ്രകാരം ഓഗസ്റ്റ് 26 വരെ 1,716 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4,000 പേര്‍ അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 32 കേസുകളില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

യുപി ഗാങ്സ്റ്റേഴ്സ് ആക്‌ട് പ്രകാരം 2384 പേര്‍ക്കെതിരെയും ഗുണ്ടാ ആക്‌ട് പ്രകാരം 1742 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഓഗസ്റ്റ് അവസാനത്തോടെ, 11 പേരെക്കൂടി എന്‍‌എസ്‌എ പ്രകാരം ബിജ്‌നോര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Anweshanam
www.anweshanam.com