സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വൻവർധന; മുന്നിൽ ഡൽഹിയും മുംബൈയും

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരം രാജ്യത്ത് സ്ത്രീകൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന നഗരം രാജ്യ തലസ്ഥാനം തന്നെയാണ്
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വൻവർധന; മുന്നിൽ ഡൽഹിയും മുംബൈയും

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. നിർഭയ കേസ് മുതൽ നിയമങ്ങൾ കർശനമാക്കി എന്ന് സർക്കാരുകൾ പറയുമ്പോഴും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കുകയും തുടർന്ന് പെൺകുട്ടി മരിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ത്രീ സുരക്ഷ വീണ്ടും ചർച്ചയാവുകയാണ്.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരം രാജ്യത്ത് സ്ത്രീകൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന നഗരം രാജ്യ തലസ്ഥാനം തന്നെയാണ്. 12902 കേസുകളാണ് കഴിഞ്ഞ വർഷം ഡൽഹിയിൽ സ്ത്രീകൾക്ക് നേരായ ആക്രമണത്തെ തുടർന്ന് രജിസ്റ്റർ ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള മുംബൈയിൽ ഇക്കാലയളവിൽ 6519 കേസുകളും രജിസ്റ്റർ ചെയ്തു.

അതേസമയം അക്രമണനിരക്കിൽ ഡൽഹി മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ മുംബൈ ഒമ്പതാം സ്ഥാനത്താണ്. പ്രധാന നഗരങ്ങളിലെ സ്ത്രീകൾക്ക് എതിരായ ആക്രമണ നിരക്ക് ഇനി പറയുന്ന പ്രകാരമാണ്: ജയ്‌പൂർ - 235, ലക്‌നോ - 175.4, ഡൽഹി - 170.3, ഇൻഡോർ - 169.1, പട്ന - 102.3, കാൺപൂർ - 98.5, നാഗ്പൂർ - 93.6, ബെംഗളുരു - 85.9

രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ നടന്ന നഗരം ഡൽഹിയാണെന്ന് നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോ പറയുന്നു. 1231 ബലാത്സംഗങ്ങൾ ഒരുവർഷ കാലയളവിൽ മാത്രം നടന്നു. രാജസ്ഥാൻ തലസ്ഥാനമായ ജയ്‌പൂരിൽ 517 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ മഹാരാഷ്ട്ര തലസ്ഥനമായ മുംബൈയിൽ 394 ബലാത്സംഗങ്ങളും റിപ്പോർട്ട് ചെയ്തു.

പൊതു വാഹനങ്ങളിൽ വെച്ച് സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ മുംബൈ ആണ് മുന്നിൽ. 16 കേസുകളാണ് പൊതുഇടങ്ങളിൽ വെച്ചുണ്ടായ ലൈംഗികാതിക്രമത്തിന് പേരിൽ രജിസ്റ്റർ ചെയ്തത്. പുണെ, ഡൽഹി, ഹൈദരബാദ് എന്നീ നഗരങ്ങളിലും ഇത്തരം ആക്രമണങ്ങൾ കൂടുതലാണ്.

സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ ക്ഷതമേല്പിക്കുന്നതിൽ മുന്നിലുള്ള മുംബൈയിലാണ് ഏറ്റവും കൂടുതൽ മനുഷ്യക്കടത്തുകളും നടന്നത്. 85 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലായി 401 ഇരകളാണ് ഉണ്ടായിരുന്നത്. ഡൽഹിയിൽ 85 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ആകെ ഇരകളായി ഉണ്ടായിരുന്നത് 388 പേരാണ്.

സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 2019ല്‍ മാത്രം 405861 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 7.3 ശതമാനമാണ് വര്‍ധനയെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് വിശദമാക്കുന്നു. 378236 കേസുകളാണ് 2018 ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 33356 കേസുകള്‍ പീഡനം സംബന്ധിച്ചവയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ത്രീത്വത്തിനെതിരായ അതിക്രം 21.8 ശതമാനമാണ്. 17.9 ശതമാനം സംഭവങ്ങള്‍ തട്ടിക്കൊണ്ട് പോകലിനെ കുറിച്ചുള്ള പരാതിയാണ്. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല കുട്ടികള്‍ക്കെതിരായ പീഡനത്തിലും കാര്യമായ വര്‍ധനയനാണ് പോയ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2019ല്‍ ഉണ്ടായിട്ടുള്ളത്. 1.48 ലക്ഷം കേസുകളാണ് കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ 2019ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related Stories

Anweshanam
www.anweshanam.com