മുംബൈ ചേരികളില്‍ 57 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്
India

മുംബൈ ചേരികളില്‍ 57 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്

സെറോളജിക്കല്‍ സര്‍വൈലന്‍സ് സര്‍വേയിലാണ് നഗരത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് വ്യക്തമാകുന്നത്.

By News Desk

Published on :

മുംബൈ: മുംബൈയിലെ ചേരികളില്‍ 57 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലാകെ 16 ശതമാനമാളുകള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 7000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സെറോളജിക്കല്‍ സര്‍വൈലന്‍സ് സര്‍വേയിലാണ് നഗരത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് വ്യക്തമാകുന്നത്.

പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്നതും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതുമാണ് ചേരികളില്‍ രോഗം വ്യാപിക്കാന്‍ കാരണമായതെന്നാണ് പഠനം വിലയിരുത്തുന്നത്. ഈ മാസത്തെ ആദ്യത്തെ രണ്ടാഴ്ചയിലാണ് റാന്‍ഡം പരിശോധനയിലൂടെ സെറോളജിക്കല്‍ സര്‍വൈലന്‍സ് സ്റ്റഡി നടത്തിയത്. ആന്റി ബോഡീസ് ടെസ്റ്റ് അടിസ്ഥാനമാക്കിയായിരുന്നു കണ്ടെത്തല്‍.

നീതി ആയോഗ്, മുംബൈ കോര്‍പ്പറേഷന്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവയുമായി സഹകരിച്ചായിരുന്നു പഠനം. സ്ത്രീകളിലാണ് ആന്റിബോഡി സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയതെന്നും പഠനം പറയുന്നു. കൂടുതല്‍ പേര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാതെയാണ് രോഗം വന്നത്. മരണ നിരക്ക് 0.05-0.10 ശതമാനം വരെയായിരുന്നു.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച നഗരമാണ് മുംബൈ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്നലെയാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (717). നഗരത്തില്‍ ഇതുവരെ 1.10 ലക്ഷം ആളുകള്‍ക്ക് കോവിഡ് ബാധിക്കുകയും 6184 പേര്‍ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anweshanam
www.anweshanam.com