ഗാൽവാൻ: 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി
India

ഗാൽവാൻ: 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി

ഏറ്റുമുട്ടലിൽ ചൈനയുടെ ഭാഗത്തുണ്ടായ ആൾനാശത്തെ കുറിച്ച് കേന്ദ്ര മന്ത്രിസഭയിലെ ഒരംഗത്തിന്റെ ആദ്യ പ്രതികരണമാണിത്.

News Desk

News Desk

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ നാൽപതിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രിയും മുൻ സൈനിക മേധാവിയുമായ വി.കെ. സിങ്. ദേശീയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി.കെ. സിങ് ചൈനയുടെ ആൾനാശത്തെ കുറിച്ച് പറഞ്ഞത്. ഏറ്റുമുട്ടലിൽ ചൈനയുടെ ഭാഗത്തുണ്ടായ ആൾനാശത്തെ കുറിച്ച് കേന്ദ്ര മന്ത്രിസഭയിലെ ഒരംഗത്തിന്റെ ആദ്യ പ്രതികരണമാണിത്.

ഇന്ത്യക്ക് 20 സൈനികരെയാണ് നഷ്ടമായതെങ്കിൽ ചൈനക്ക് അതിന്‍റെ ഇരട്ടിയിലേറെ സൈനികരെ നഷ്ടമായിട്ടുണ്ട്. മരണസംഖ്യ ചൈന മറച്ചുവെക്കുകയാണ്. 1962ലെ യുദ്ധത്തിലും അവർ തിരിച്ചടി അംഗീകരിക്കാൻ തയാറായിരുന്നില്ല -വി.കെ. സിങ് പറഞ്ഞു.

ഗാൽവാനിൽ ചൈനീസ് സൈനികർ ഇന്ത്യയുടെ പിടിയിലായിരുന്നെന്നും ഇവരെയും വിട്ടയച്ചുവെന്നും വി.കെ. സിങ് പറഞ്ഞു. 10 ഇന്ത്യൻ സൈനികരെ പിടികൂടിയായ ശേഷം പിന്നീട് ചൈനയും വിട്ടയച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യ-ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ ഗൽവാൻ താഴ്വരയിൽ ഏറ്റുമുട്ടൽ നടന്നത്. 45 വർഷത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിൽ മരണസംഭവിക്കുന്ന തരത്തിലേക്ക് ഏറ്റുമുട്ടൽ നടത്തിയത്. 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. 76 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

കമാൻഡിങ് റാങ്കിലുള്ള സൈനികനടക്കം 35 ഓളം ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരിക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

ഇരുഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ടെന്ന് ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി വെസ്റ്റേൺ തിയറ്റർ കമാൻഡ് വക്താവ് കേണൽ സാങ് ഷുയി ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാൽ, വിശദാംശങ്ങൾ നൽകിയിട്ടില്ല.

ഇന്ത്യയുടെ ഭൂപ്രദേശത്ത് ചൈന അതിക്രമിച്ച് കടക്കുകയോ ഇന്ത്യൻ പോസ്റ്റുകൾ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. ഇത് സൈന്യത്തിന്‍റെയും പ്രതിരോധ വകുപ്പിന്‍റെയും അവകാശവാദത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തിയിരുന്നു. തുടർന്ന്, പ്രസ്താവനക്ക് വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫിസിന് രംഗത്തെത്തേണ്ടിവന്നു.

Anweshanam
www.anweshanam.com