ജവഹര്‍ലാല്‍ നെഹ്റു ശീര്‍ഷാസനത്തില്‍
ജവഹര്‍ലാല്‍ നെഹ്റു ശീര്‍ഷാസനത്തില്‍
India

യോഗ ജനപ്രിയമാക്കിയതില്‍ പങ്ക് മോദിക്കു മാത്രമോ? 

യോഗ അന്താരാഷ്ട്രതലത്തില്‍ പ്രചരിപ്പിക്കാനുള്ള നടപടികള്‍ ആദ്യമായി മുന്നോട്ടുവെച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. 

Harishma Vatakkinakath

Harishma Vatakkinakath

കൊറോണ വൈറസ് വ്യാപനം ലോകത്തെയാകമാനം പ്രതിസന്ധി ഘട്ടത്തിലേക്ക് തള്ളിവിട്ടതിനാല്‍ 'ആരോഗ്യത്തിനായുള്ള യോഗ-വീട്ടിലെ യോഗ' എന്നതാണ് ഇത്തവണ അന്താരാഷ്ട്ര യോഗ ദിന സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ 69ാമത് സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൂണ്‍ 21 യോഗ ദിനമായി ആചരിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

നരേന്ദ്ര മോദിയും, ബിജെപി സര്‍ക്കാരും യോഗ ജനപ്രിയമാക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഭാരതത്തിന്‍റെ പാരമ്പര്യം ലോകത്തോട് വിളിച്ചോതുന്ന യോഗ, അന്താരാഷ്ട്രതലത്തില്‍ പ്രചരിപ്പിക്കാനുള്ള നടപടികള്‍ ആദ്യമായി മുന്നോട്ടുവെച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു.

ജൂണ്‍ 21ന് ജനങ്ങളോടൊപ്പം യോഗ ചെയ്യുന്നതു മുതല്‍, 'യോഗ വിത്ത് മോദി' എന്ന യൂട്യൂബ് ചാനലും, 'ഫിറ്റ് ഇന്ത്യാ' ക്യാമ്പയിനുമൊക്കെ തന്‍റെ യോഗി വൃത്തിയുടെ യോഗ്യത തെളിയിക്കാന്‍ മോദി ഉപയോഗിച്ചു. അങ്ങനെ മോദി, യോഗയുടെ മുഖമായി മാറി. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർഷിക അന്താരാഷ്ട്ര യോഗ ദിനാചരണത്തിനും ആയുഷിന്റെ യോഗ ഗവേഷണ പദ്ധതികൾക്കുമായി ഇപ്പോള്‍ നൂറുകണക്കിന് കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

ആറാമത് അന്താരാഷ്ട്ര യോഗ ദിനത്തിലെങ്കിലും യോഗ സംബന്ധിച്ച് നെഹ്റു മുന്നോട്ടുവെച്ച നയങ്ങളും സംഭാവനകളും നാം ഓര്‍ക്കണം. മെഡിക്കല്‍ ഡോക്ടര്‍ എന്ന പദവിയില്‍ നിന്ന് യോഗ ഗുരുവായി മാറിയ സ്വാമി കുവാലയാനന്ദയെ പരിചയപ്പെട്ടത് മുതലാണ് നെഹ്റു യോഗ പരിശീലനത്തിലേക്ക് തിരിയുന്നത്. 1929ഓടു കൂടിയാണ് അദ്ദേഹം സ്വാമി കുവാലയാനന്ദയില്‍ നിന്ന് യോഗയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് 1931 മുതല്‍ അദ്ദേഹം നിരന്തരമായി യോഗ പരിശീലനം ആരംഭിച്ചു.

സ്വാമി കുവാലയാനന്ദയോടൊപ്പം (നെഹ്റുവിന് വലതു ഭാഗം)
സ്വാമി കുവാലയാനന്ദയോടൊപ്പം (നെഹ്റുവിന് വലതു ഭാഗം)

അമേരിക്കൻ പത്രപ്രവർത്തകനായ എഡ്ഗർ സ്നോയുമായുള്ള ഒരു അഭിമുഖത്തിൽ, തന്‍റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ യോഗ എങ്ങനെ സഹായകമായെന്നത് അദ്ദേഹം വിവരിക്കുന്നുണ്ട്. 1931-1935 കാലയളവിലെ ജയില്‍ ജീവിതമാണ് അദ്ദേഹം ഇതിന് ഉദാഹരണമായി പരാമര്‍ശിച്ചത്. ഒരു പൊതു പരിപാടിയില്‍ ശീര്‍ഷാസനം എങ്ങനെയെന്ന് കാണിച്ച അദ്ദേഹം, സ്റ്റേറ്റ്സ്മാന്‍ എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിന്‍റെ അന്നത്തെ എഡിറ്ററായിരുന്ന ഇയാൻ സ്റ്റീഫൻസിനു വേണ്ടി പ്രാണായാമ എങ്ങനെയെന്ന് കാണിച്ചു കൊടുത്തതായും ചരിത്ര രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഒരുപക്ഷെ, ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായിരിക്കും നെഹ്‌റു. അദ്ദേഹത്തിന്‍റെ ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ ശരീരത്തെയും മനസ്സിനെയും അച്ചടക്കത്തോടെ നിലനിര്‍ത്തുന്ന സംവിധാനമാണ് യോഗയെന്ന് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ തത്വചിന്തകളും, ചൈതന്യവുമായി യോജിച്ചു പോകുന്ന യോഗ, മറ്റേത് വ്യായാമ മുറയെക്കാളും താന്‍ പ്രാധാന്യം കൊടുക്കുന്ന ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

യോഗ, ഇന്ത്യയുടെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണമെന്ന് പ്രസ്താവിച്ചു കൊണ്ട്, നെഹ്റു 1952 ൽ രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ 1953 ൽ, ഫിസിക്കൽ എജ്യുക്കേഷന്റെ കേന്ദ്ര ഉപദേശക സമിതി തയ്യാറാക്കിയ ‘ശാരീരിക വിദ്യാഭ്യാസത്തിനും വിനോദത്തിനുമായുള്ള ദേശീയ പദ്ധതിയിൽ യോഗ പഠനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

യോഗ ശാസ്ത്രീയമായി പഠിക്കുന്നതിലുള്ള പ്രാധാന്യമാണ് നെഹ്റു മുന്നോട്ടുവെച്ചത്. സ്വാമി കുവാലയാനന്ദയുമായുള്ള സംഭാഷണങ്ങളിലൂടെയാണ് അദ്ദേഹം യോഗയുടെ ശാസ്ത്രീയ വശങ്ങള്‍ അടുത്തറിയുന്നത്. ആധുനിക ശാസ്ത്ര സാധ്യതകളുടെ വെളിച്ചത്തില്‍ പരിശോധിച്ചില്ലെങ്കില്‍ യോഗയ്ക്ക് പുരോഗതി കൈവരിക്കാനാകില്ലെന്ന തിരിച്ചറിവ് ഈ സംവാദങ്ങളിലൂടെയാണ് അദ്ദേഹം നേടുന്നത്.

യോഗയ്ക്ക് മതപരമായ ചരിത്ര പശ്ചാത്തലമുണ്ടായിരുന്നിട്ടും, സ്വാമി വിവേകാനന്ദനെ പോലെ, യോഗ യുക്തിസഹമാണെന്ന് നെഹ്റു വാദിച്ചു. ആര്‍ക്കും പ്രയോജനം ലഭിക്കുന്ന ഒരു മതേതര വ്യായാമ സംവിധാനമെന്നോണമാണ് അദ്ദേഹം യോഗയെ പ്രോത്സാഹിപ്പിച്ചത്. യു.എന്‍ പ്രതിനിധി സഭയില്‍ യോഗ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ട പോലെ, യോഗ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാനുള്ള ചില നടപടികള്‍ നെഹ്റുവും ആരംഭിച്ചിരുന്നു.

1956 ൽ അമേരിക്കൻ സന്ദർശനത്തിനിടെ അദ്ദേഹം സ്വാമി യോഗാനന്ദയെ അനുമോദിക്കുകയും, യോഗി ബോഡി ബിൽഡർമാരായ ബുദ്ധ ബോസ്, ബിഷ്ണു ഘോഷ് എന്നിവരെ അന്താരാഷ്ട്ര തലത്തിൽ യോഗയുടെ മഹത്വം പ്രചരിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സ്വാമി യോഗാനന്ദയുടെ' ഒരു യോഗിയുടെ ആത്മകഥ' എന്ന പുസ്തകം ലോകമെമ്പാടുമുള്ള യോഗ പരിശീലകര്‍ക്ക് പ്രചോദനമായപ്പോള്‍, ബിഷ്ണു ഘോഷ് ജപ്പാന്‍, തായ്‌ലാൻഡ് പോലുള്ള രാജ്യങ്ങളില്‍ യോഗ പ്രചരിപ്പിച്ചു.

മോദിയുടെ ഇന്നത്തെ യോഗ നയത്തിന് അടിത്തറ അന്ന് നെഹ്റു തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളാണെന്ന് പറയാം. ഫിറ്റ് ഇന്ത്യ’ ക്യാമ്പയിന്‍, സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് യോഗ ആന്റ് മെഡിറ്റേഷൻ (സത്യം) പ്രോഗ്രാം തുടങ്ങിയ സർക്കാർ സംരംഭങ്ങൾ 70 വർഷം മുമ്പ് നെഹ്‌റു വിഭാവനം ചെയ്തവയാണ്. “പ്രധാനമന്ത്രി മോദി ഇന്ത്യയിൽ യോഗ പരിശീലനം ജനപ്രിയമാക്കുന്നതിനുള്ള ദേശീയ മുന്നേറ്റത്തിന് നേതൃത്വം നൽകി. എന്നിരുന്നാലും, അമ്പതുകളിൽ ഇന്ത്യയ്ക്കുള്ളിൽ ആധുനിക യോഗ പരിശീലനം സ്വീകാര്യമാക്കുന്നതിൽ നെഹ്‌റു വഹിച്ച പങ്ക് നിർണായകമായിരുന്നു,”എഴുത്തുകാരൻ ജെറോം ആംസ്ട്രോംഗ് തന്റെ 'കൊൽക്കത്ത യോഗ' എന്ന പുസ്തകത്തിൽ കുറിച്ച വാക്കുകളാണിവ. യോഗയ്ക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍ ഒരു ദിനം ആചരിക്കപ്പെടുമ്പോഴെങ്കിലും നെഹ്റുവിന്‍റെ സ്ഥാനം വിസ്മരിക്കപ്പെടരുതെന്നാണ് ഈ ചരിത്ര സത്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Anweshanam
www.anweshanam.com