ഗ്രാമങ്ങളിലെ മികച്ച കോവിഡ് പ്രതിരോധം; പ്രശംസകളുമായി പ്രധാനമന്ത്രി 

ഗരീബ് കല്യാൺ റോസ്ഗാർ യോജനയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജ്യത്തെ തൊഴിലാളികളുമായി സംവദിച്ചു
ഗ്രാമങ്ങളിലെ മികച്ച കോവിഡ് പ്രതിരോധം; പ്രശംസകളുമായി പ്രധാനമന്ത്രി 

ന്യൂ ഡല്‍ഹി: രാജ്യത്തെ ഗ്രാമങ്ങൾ കോവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നഗരങ്ങളെക്കാൾ മികച്ച പ്രവർത്തനമാണ് ഗ്രാമങ്ങൾ നടത്തിയതെന്നും, സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗരീബ് കല്യാൺ റോസ്ഗാർ യോജന പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടിനടുത്ത് തൊഴിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ രാജ്യം മനസിലാക്കുന്നത് കൊണ്ടാണ് ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ നടപ്പിലാക്കുന്നത്. അൻപതിനായിരം കോടിയുടെ പദ്ധതി ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ നടപ്പിലാക്കും.

മറ്റു രാജ്യങ്ങളെക്കാൾ ഉയർന്ന ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ കോവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കാൻ നമുക്ക് സാധിച്ചു. ആത്മ നിർഭർ ഭാരത് കർഷകരെ സ്വയം പര്യാപ്തരാക്കി. കാർഷിക ഉത്പന്നങ്ങള്‍ വിൽക്കുന്നത്തിനുള്ള തടസം നീക്കി. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സേവനം അനിവാര്യമാണ്. അതിനാല്‍ ഗ്രാമങ്ങളിൽ കൂടുതൽ ഇന്റർനെറ്റ് സേവനം എത്തിക്കുമെന്നും ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഊന്നൽ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിഹാറിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്‌ അധികൃതരോടും മടങ്ങിയെത്തിയ തൊഴിലാളികളോടും ഗുഡ്‌ഗാവ്, രാജസ്ഥാനിലെ അജ്മീര്‍ എന്നിവിടങ്ങളിലെ തൊഴിലാളികളോടും മോദി സംസാരിച്ചിരുന്നു. ഗരീബ് കല്യാൺ റോസ്ഗാർ യോജന പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി തൊഴിലാളികളുമായി സംവദിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com