സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് വിലയിടാന്‍ ആര്‍ക്കും കഴിയില്ല: രാഹുല്‍ ഗാന്ധി
India

സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് വിലയിടാന്‍ ആര്‍ക്കും കഴിയില്ല: രാഹുല്‍ ഗാന്ധി

സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ കോണ്‍ഗ്രസിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

By News Desk

Published on :

ന്യൂ ഡല്‍ഹി: ഗാന്ധി കുടുംബവുമായി ബന്ധപ്പട്ട മൂന്ന് ചാരിറ്റബിൾ ട്രസ്റ്റുകളിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിൽ രൂക്ഷപ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സത്യത്തിന് വേണ്ടി പോരാട്ടം നടത്തുന്നവർക്ക് വിലയിടാനും അവരെ ഭീഷണിപ്പെടുത്താനും ആർക്കും കഴിയില്ലെന്നാണ് രാഹുലിന്‍റെ ട്വീറ്റ്.

"ലോകത്തുള്ള എല്ലാവരും തന്നെപ്പോലെയാണെന്നാണ് മോദി കരുതുന്നത്. എല്ലാവരെയും വിലയ്ക്ക് വാങ്ങാമെന്നും ഭീഷണിപ്പെടുത്താമെന്നും അദ്ദേഹം ചിന്തിക്കുന്നു. സത്യത്തിനായി പോരാടുന്നവരെ വിലയ്ക്ക് വാങ്ങാനും ഭീഷണിപ്പെടുത്താനും സാധിക്കില്ലെന്ന കാര്യം അദ്ദേഹം മനസ്സിലാക്കുന്നില്ല,"രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.

രാജീവ് ​ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ​ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരാ ​ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നിവ ചൈനീസ് സംഭാവനകൾ സ്വീകരിച്ചു എന്നത് ഉൾപ്പെടെയുള്ള, സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കോണ്‍ഗ്രസിനെതിരെയുള്ള ആരോപണം. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.

കോൺ​ഗ്രസ് നേതൃത്വത്തോടുള്ള ബിജെപിയുടെ വന്യവും വഞ്ചനാപരവുമായ വിദ്വേഷവുമാണിതെന്നാണ് ഈ നടപടിയില്‍ കോൺ​ഗ്രസിന്‍റെ പ്രതികരണം. സാമൂഹ്യപ്രവർത്തന രം​ഗത്ത് ഏറ്റവും സജീവമായി ഇടപെടുന്ന സംഘടനകളാണിതെന്നും ഏത് വിധത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും കോൺ​ഗ്രസ് അറിയിച്ചിരുന്നു.

മോദി സർക്കാരിന്റെ കഴിവില്ലായ്മയെയും പരാജയത്തെയും മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതും. എല്ലാ ദിവസവും ഓരോ പുതിയ ​ഗൂഢാലോചനയുമായിട്ടാണ് ബിജെപി വരുന്നതെന്നും കോൺ​ഗ്രസ് ആരോപിച്ചു.

Anweshanam
www.anweshanam.com