
പിടിതരാതെ വ്യാപിക്കുന്ന കൊറോണ വൈറസിന് വ്യത്യസ്ത രീതിയില്‍ പ്രതിരോധം തീര്‍ത്ത് മുന്നേറുകയാണ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖല. വൈറസ് തീര്‍ത്ത അനിശ്ചിതത്വത്തില്‍ നിന്ന് ജനങ്ങളെ കരകയറ്റാനുള്ള മനഷ്യത്വപരമായ ചില നടപടികള്‍ക്ക് മുന്‍തൂക്കം കൊടുത്ത് മാതൃകയാവുകയാണ് മിസോറാം, മണിപ്പൂര്‍ തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങള്‍.
സാമൂഹിക അകലം പാലിച്ച് വൈറസ് വ്യാപനത്തിന് തടയിടാന്‍ അസാധാരണമായ നടപടികളാണ് ഈ സംസ്ഥാനങ്ങളിലെ ചില ഗ്രാമ പ്രദേശങ്ങള്‍ സ്വീകരിച്ചു വരുന്നത്. മണിപ്പൂരിലെ മലയോര ജില്ലയായ ഉഖ്റുലില്‍ മിക്ക വ്യാപാര കേന്ദ്രങ്ങളിലും ഈ കോവിഡ് കാലത്ത് കടക്കാരന് ഉണ്ടാകില്ല. എന്നാല്‍ അവശ്യ സാധനങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാണ്. തങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ശേഖരിച്ചതിനു ശേഷം പണം കടയില്‍ വച്ചിരിക്കുന്ന ജാറുകളില്‍ നിക്ഷേപിക്കുക എന്ന പരമ്പരാഗത രീതിയാണ് സാമൂഹിക അകലം പ്രായോഗികമാക്കിക്കൊണ്ട് ഇവിടെ നടന്നു വരുന്നത്. ചില മനുഷ്യസ്നേഹികള്‍ സാധനങ്ങളുടെ വിലയേക്കാള്‍ അധികം തുക ജാറില്‍ നിക്ഷേപിച്ച് ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ പാവപ്പെട്ട വ്യാപാരികള്‍ക്ക് താങ്ങാവുകയും ചെയ്യുന്നുണ്ട്.
മിസോറാം മുഖ്യമന്ത്രി സോറാംതംഗ ഈ വ്യത്യസ്ത നടപടിയെ പ്രശംസിച്ചു കൊണ്ട് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് കോവിഡ് പ്രതിരോധത്തില്‍ പരമ്പരാഗത രീതികള്‍ അവംലംബിക്കുന്നതിലെ മഹത്വം ലോകമറിയുന്നത്.
തന്റെ പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കാളികളാകുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാനുള്ള നല്ല മനസ്സാണ് മണിപ്പൂരിലെ കിഴക്കന്‍ ഇംഫാലില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സാന്റ ഖുറായിയെ താരമാക്കിയത്.
തനിക്കു പരിചയമുള്ള ഏകദേശം 200ഓളം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളില്ലാത്തതിനാല് ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാനോ, അദ്ധ്യാപകര്‍ നല്കുന്ന അസൈന്മെന്റുകള് ചെയ്യാനോ സാധിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ ഖുറായ്, ഒരു ഓണ്‍ലൈന്‍ ക്യാമ്പയിന് തുടങ്ങുകയും. ഇതിലൂടെ 2.25 ലക്ഷം രൂപ സ്വരൂപിച്ച് കുട്ടികള്‍ക്ക് ഫോണുകള്‍ എത്തിച്ചു നല്‍കുകയും ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
മണിപ്പൂരിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ആര്‍ക്കും സ്മാര്‍ട്ട് ഫോണുകളില്ലെന്നും, ആശയവിനിമയത്തിനു മാത്രമുള്ള സാധാരണ ഫോണുകളാണ് അവര്‍ ഉപയോഗിച്ച് വരുന്നതെന്നും ഖുറായ് 'ദ ന്യൂസ് മില്ലി'നു നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഇതുവരെ 44 പേരില്‍ നിന്ന് 1.5 ലക്ഷം രൂപ സമാഹരിച്ച അവര്‍ 15 കുട്ടികള്‍ക്ക് ടാബ്ലെറ്റുകള് നല്‍കുമെന്നും വ്യക്തമാക്കി.
മിസോറാമിലെ ലോങ്റ്റ്ലായ് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടീം കോവിഡ് -19 രോഗികളെ സന്തോഷത്തോടെ നിലനിർത്തുന്നതിന് ഒരു വ്യത്യസ്ത വഴിയാണ് തിരഞ്ഞെടുത്തത്. രസകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്, ആരോഗ്യ പ്രവർത്തകർ രോഗികളോട് ചില സംഗീത വീഡിയോകള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും, അവ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് രോഗികൾക്കും ഇടയിൽ പങ്കിടുകയും ചെയ്തു.
ഒറ്റപ്പെടലിന്റെ വീര്‍പ്പു മുട്ടലുകളില്ലാതെ മറ്റുള്ളവരുമായി ഈ വീഡിയോകളിലൂടെ സമ്പര്‍ക്കത്തില്‍ വരാന്‍ രോഗികള്‍ ആവേശം കാണിക്കുകയും, ഇതുവഴി അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിക്കുകയും ചെയ്തതായി ലോങ്റ്റ്ലായ് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടീം മേധാവിയായ ഡോ. എൽസദായ് ലാൽബെർസിയാമ പറഞ്ഞു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ലോങ്റ്റ്ലായ് ജില്ലയിൽ എട്ട് കോവിഡ് 19 രോഗികളാണുള്ളത്, അവരെല്ലാം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മരുന്നും മന്ത്രങ്ങളും മാത്രമല്ല, അല്പം കരുതലും, കൊറോണ വൈറസിനെ തുരത്താന്‍ ഗുണം ചെയ്യുമെന്നാണ് ഈ ഉദാഹരണങ്ങള്‍ കാട്ടിത്തരുന്നത്. ഇതുപോലെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്ന ജനത ഇനിയുമുണ്ട്. അനീതിയും അഴിമതിയും രാഷ്ട്രീയ കുതുകാല് വെട്ടും വാര്‍ത്തയാകുമ്പോള്‍ ഇത്തരം നന്മകള് തിരസ്കരിക്കപ്പെടുകയും, നാം അറിയാതെ പോവുകയും ചെയ്യുന്നു എന്നു മാത്രം.