അതിർത്തിയിലെ സംഘർഷം ചൈന തയാറാക്കിയ പദ്ധതി: വിദേശകാര്യമന്ത്രി
India

അതിർത്തിയിലെ സംഘർഷം ചൈന തയാറാക്കിയ പദ്ധതി: വിദേശകാര്യമന്ത്രി

ഗാല്‍വാന്‍ മേഖലയിലുണ്ടായ സംഘർഷം ചൈന തയാറാക്കിയ പദ്ധതി പ്രകാരമാണെന്ന ആരോപണവുമായി വിദേശകാര്യമന്ത്രി എസ്​.ജയശങ്കര്‍

Thasneem

ന്യൂഡല്‍ഹി: ഗാല്‍വാന്‍ മേഖലയിലുണ്ടായ സംഘർഷം ചൈന തയാറാക്കിയ പദ്ധതി പ്രകാരമാണെന്ന ആരോപണവുമായി വിദേശകാര്യമന്ത്രി എസ്​.ജയശങ്കര്‍. ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ്​ ജയശങ്കര്‍ ഈ ആരോപണം ഉയർത്തിയത്. ആക്രമണം നടന്നതിന്​ ശേഷം ആദ്യമായാണ്​ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. ചൈനയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്​ത്തുന്നതാണെന്ന് ജയശങ്കര്‍ അറിയിച്ചു.

എന്നാൽ, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരാണ്​ പ്രശ്​നമുണ്ടാക്കിയതെന്നാണ് ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യിയുടെ ആരോപണം. ഇന്ത്യ സൈനികർ ചൈനീസ്​ അതിര്‍ത്തി ലംഘിച്ചതാണ് സംഘര്‍ഷത്തിന്​ ​കാരണമെന്നും സംഘര്‍ഷത്തിന്​ കാരണക്കാരായ സൈനികര്‍ക്കെതിരെ ഇന്ത്യ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

അതേസമയം, അതിര്‍ത്തിയിലുണ്ടാവുന്ന സംഘര്‍ഷം കുറക്കുന്നതിനായി ഇരു രാജ്യങ്ങളും സംയുക്​ത പ്രസ്​താവനയിൽ ഒപ്പുവെച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും പ്രോ​ട്ടോകോളുകളും ലംഘിക്കുന്ന നടപടി രണ്ട്​ രാജ്യങ്ങളുടെ ഭാഗത്ത്​ നിന്നും ഉണ്ടാവില്ലെന്നാണ്​ സംയുക്​ത പ്രസ്​താവനയുടെ ഉള്ളടക്കം.

Anweshanam
www.anweshanam.com