
ന്യൂ ഡല്‍ഹി: യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയില്‍ ഇടം നേടി ഇന്ത്യന്‍ യുവതി അര്‍ച്ചന സോറെംഗ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപദേശക സമിതിയിലേക്കാണ്, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന അര്‍ച്ചന സോറെംഗിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ശുപാര്‍ശ ചെയ്തത്. യൂത്ത് അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന സമിതിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആറ് യുവ ആക്ടിവിസ്റ്റുകള്‍ക്കൊപ്പമാണ് അര്‍ച്ചനയെയും തിരഞ്ഞെടുത്തിരിക്കുന്നത്.
"നമ്മുടെ പൂർവ്വികർ തങ്ങളുടെ പരമ്പരാഗത അറിവിലൂടെയും പ്രയോഗങ്ങളിലൂടെയും കാലങ്ങളായി വനത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നു. എന്നാല്‍ നിലവിലെ കാലാവസ്ഥ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഊഴം നമ്മുടേതാണ്," ഒഡീഷയിലെ റൂർക്കേല ജില്ലയില്‍ നിന്ന്, ആഗോള തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരത്തില്‍ ആഹ്ളാദം കൊള്ളുന്ന അര്‍ച്ചനയുടെ വാക്കുകളാണിവ.
'തദ്ദേശീയ സമൂഹങ്ങളുടെ പരമ്പരാഗത അറിവും സാംസ്കാരിക രീതികളും രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തുന്ന സോറെംഗ്, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയില്‍ പരിചയ സമ്പന്നയും ഗവേഷകയുമാണ്'- യുഎന്‍ വാര്‍ത്താക്കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ നീളുന്നു.
പട്ന വിമൻസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ സോറെംഗ്, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്) നിന്ന് റെഗുലേറ്ററി ഗവേണൻസിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. ടിസിലെ മുൻ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് കൂടിയാണ് സോറെംഗ്.
ആദിവാസി യുവ ചേതന മഞ്ചിന്റെ ദേശീയ കൺവീനറായിരുന്ന അര്‍ച്ചന ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷനിലും (AICUF) പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഒഡീഷയിലെ ടിസ് ഫോറസ്റ്റ് റൈറ്റ്സ് ആന്റ് ഗവേണൻസ് പ്രോജക്റ്റിലെ റിസർച്ച് ഓഫീസറാണ്.
18നും 28നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളെയാണ്, യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും അവ സാധൂകരിക്കാനും യുവ തലമുറയ്ക്ക് സാധിക്കുമെന്ന നയമാണ് ഇതിനു പിന്നില്‍.
സുഡാനില്‍ നിന്ന് കാലാവസ്ഥാ പ്രവർത്തക നിസ്രീൻ എൽസൈം, ഫിജിയില്‍ യുവജന നേതൃത്വത്തിലുള്ള പ്രാദേശിക കാലാവസ്ഥാ വ്യതിയാന ശൃംഖലയായ '350 ഫിജി'യുടെ കോ-കോർഡിനേറ്റർ ഏണസ്റ്റ് ഗിബ്സൺ, യുവാക്കള്‍ക്ക് വേണ്ടി പ്രകൃതിയോടിണങ്ങി നില്ക്കുന്ന ജോലി സാധ്യതകള്‍ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങള്‍ മുന്നോട്ട് വച്ച, മോൾഡോവയിലെ യുവ സാമ്പത്തിക ശാസ്ത്രജ്ഞൻ വ്ലാഡിസ്ലാവ് കൈം തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് അര്‍ച്ചന സോറെംഗും ഉപദേശക സമിതിയില്‍ അംഗമായിരിക്കുന്നത്.
അന്താരാഷ്ട്ര ലാഭരഹിത ക്ലൈമറ്റ് കാർഡിനലുകളുടെ സ്ഥാപകയും യുഎസ് വംശജയുമായ സോഫിയ കിയാനി, ഫ്രാന്‍സിലെ ജനറേഷൻ ക്ലൈമറ്റ് യൂറോപ്പിന്റെ സ്ഥാപകനും കോർഡിനേറ്ററും യൂത്ത് ആൻഡ് എൻവയോൺമെന്റ് യൂറോപ്പിന്റെ വക്താവുമായ നഥാൻ മെറ്റെനിയർ, അഭിഭാഷകയും മനുഷ്യാവകാശ സംരക്ഷകയുമായ ബ്രസീലിലെ പലോമ കോസ്റ്റ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.