മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹർജി കോടതി തള്ളി
മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്
മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹർജി കോടതി തള്ളി

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണം എന്ന ആവശ്യവുമായി എത്തിയ ഹര്‍ജി മഥുര സിവില്‍ കോടതി തള്ളി. മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളി ക്ഷേത്രത്തിന്‍റെ സഥലത്താണ് ഉള്ളതെന്നും അത് പൊളിച്ച് നീക്കണമെന്നുമായിരുന്നു ഹർജി. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു ഇത്.

ശ്രീകൃഷ്ണ ജന്മഭൂമി വീണ്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് ഒരു സംഘം ആളുകള്‍ മഥുര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൃഷ്ണ ജന്മഭൂമി എന്ന് കരുതുന്ന പ്രദേശത്തുള്ള ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് പള്ളി നിര്‍മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. മഥുരയില്‍ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.

സുന്നി വഖഫ് ബോര്‍ഡിന്റെ അറിവോടെ മസ്ജിദ് ഈദ്ഗാഹ് അനധികൃതമായി കൈയേറിയ ഭൂമി ഒഴിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞതായി അഭിഭാഷകര്‍ അറിയിച്ചു.

എന്നാല്‍, അയോധ്യക്കേസില്‍ 1947ന് ശേഷം നിലനിന്ന എല്ലാ ആരാധനാലയങ്ങളും തല്‍സ്ഥിതിയില്‍ തുടരുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മഥുരയില്‍ ഭൂമിയാവശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്.

നോ മസ്ജിജ് ട്രസ്റ്റിനോ മുസ്ലിം സമുദായത്തിനോ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ താല്‍പര്യമില്ലെന്നും ഹര്‍ജിക്കാരി രഞ്ജന അഗ്നി ഹോത്രി നേരത്തെ വ്യക്തമാക്കി.

ചരിത്രകാരന്‍ ജദുനാഥ് സര്‍ക്കാറിനെ ഉദ്ധരിച്ച്, ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്തെ ക്ഷേത്രവും വിഗ്രഹവും 1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ഭാഗികമായി തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

ഷാഹി ഈദ്ഗാഹ് സംബന്ധിച്ച കേസ് വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ്. നിലനില്‍ക്കുന്ന നിര്‍മ്മിതികളില്‍ മാറ്റം വരുത്തരുതെന്ന് 1973ല്‍ മഥുര സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. അതേ സമയം കേസുമായി ഉത്തര്‍പ്രദേശ് ഹൈക്കോടതിയെ സമീപിക്കും എന്നാണ് ഹര്‍ജിക്കാര്‍ അറിയിച്ചതെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

Anweshanam
www.anweshanam.com