'ജയ് ശ്രീറാം' വിളി മുഴങ്ങി; പ്രധാനമന്ത്രിയുള്ള വേദിയില്‍ പ്രസംഗം നിർത്തി പ്രതിഷേധിച്ച് മമത

'ജയ് ശ്രീറാം' വിളി മുഴങ്ങി; പ്രധാനമന്ത്രിയുള്ള വേദിയില്‍ പ്രസംഗം നിർത്തി പ്രതിഷേധിച്ച് മമത

നാടകീയസംഭവങ്ങളാണ് കൊൽക്കത്തയിലെ വിക്ടോറിയ ടെർമിനസിൽ അരങ്ങേറിയത്

കൊൽക്കത്ത: കൊൽക്കത്തയിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികാഘോഷപരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. സദസില്‍ നിന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' വിളി മുഴക്കിയതാണ് മമതയെ ചൊടിപ്പിച്ചത്.

'സര്‍ക്കാര്‍ പരിപാടിക്ക് അന്തസ്സുണ്ടാകണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല. ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇതിനോടുളള പ്രതിഷേധമെന്ന നിലയില്‍ ഞാന്‍ തുടര്‍ന്ന് സംസാരിക്കുന്നില്ല', മമത പറഞ്ഞു. ഇതിന് ശേഷം സംസാരിക്കാൻ വിസമ്മതിച്ച് അവർ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി. നാടകീയസംഭവങ്ങളാണ് കൊൽക്കത്തയിലെ വിക്ടോറിയ ടെർമിനസിൽ അരങ്ങേറിയത്.

എന്നാൽ മമതയ്ക്ക് ശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദങ്ങൾക്ക് മറുപടി നൽകിയില്ല. കുട്ടിക്കാലം മുതൽ നേതാജിയുടെ സ്വാധീനം തന്നിലുണ്ടായെന്ന് മോദി പറ‌ഞ്ഞു. കൊൽക്കത്ത സന്ദർശനം തനിക്ക് വൈകാരികാനുഭവം കൂടിയാണ്. നേതാജിയുടെ ആശയങ്ങൾ കേന്ദ്ര സർക്കാരിന് എന്നും വഴികാട്ടിയാണെന്നും മോദി പറയുന്നു.

നേതാജിയുടെ ജന്മദിനമായ ജനുവരി 23 ഇനി മുതല്‍ ധീരതാദിനമായി ആചരിക്കാനാണ് കേന്ദ്രസംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനം. ആഘോഷത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നേതാജിയുടെ ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രദാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com