തെരഞ്ഞെടുപ്പ്: മമത ജയ്ശ്രീറാം വിളിക്കുമെന്ന് അമിത് ഷാ; ബിജെപി എത്ര ഗോളടിക്കുമെന്ന് കാണാമെന്ന് മമത

ജയ് ശ്രീറാം വിളി കേട്ടാല്‍ മമത ബാനര്‍ജിക്ക് ദേഷ്യമാണെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവര്‍ അത് ചൊല്ലാന്‍ തുടങ്ങുമെന്നും മമതയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു
തെരഞ്ഞെടുപ്പ്: മമത ജയ്ശ്രീറാം വിളിക്കുമെന്ന് അമിത് ഷാ; ബിജെപി എത്ര ഗോളടിക്കുമെന്ന് കാണാമെന്ന് മമത

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ കടുത്ത വിമര്‍ശനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ രംഗത്ത്. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മത്സരമായിരിക്കും വരാന്‍ പോകുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പെന്നാണ് അമിത് ഷാ പറഞ്ഞത്. ഉത്തര ബംഗാളിലെ കൂച്ച് ബെഹാറില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളിനെ പരിവര്‍ത്തനം ചെയ്യുന്നതിനായാണ് തങ്ങള്‍ ഈ റാലി സംഘടിപ്പിക്കുന്നതെന്നും അല്ലാതെ മുഖ്യമന്ത്രിയെയോ, എം എല്‍ എമാരെയോ, മന്ത്രിമാരെയോ മാറ്റുന്നതിനല്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ നിലവിലുള്ള പ്രധാന വെല്ലുവിളികളായ നുഴഞ്ഞുകയറ്റം, തൊഴിലില്ലായ്മ, അക്രമങ്ങള്‍ എന്നിവയില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം.

ജയ് ശ്രീറാം മുഴക്കുന്നത് കുറ്റകരമാണെന്ന് പറയുന്നവര്‍ ഇവിടെയല്ലാതെ പിന്നെ പാകിസ്ഥാനില്‍ ശ്രീരാമ മന്ത്രങ്ങള്‍ ഉയര്‍ത്തണമോ എന്ന് ചോദിച്ചു.

ജയ് ശ്രീറാം വിളി കേട്ടാല്‍ മമത ബാനര്‍ജിക്ക് ദേഷ്യമാണെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവര്‍ അത് ചൊല്ലാന്‍ തുടങ്ങുമെന്നും മമതയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.

ബംഗാളില്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ ടൂറിസം സര്‍ക്യൂട്ട് ഉള്‍പ്പടെ നിരവധി വികസനങ്ങള്‍ കൊണ്ടുവരും, രാജ്ബാന്‍ഷി സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കുമെന്നും ഈ മേഖലയ്ക്കായി മാത്രം 500 കോടി ചിലവാക്കുമെന്നും അറിയിച്ചു. ഇത്രയും നാള്‍ ബംഗാള്‍ ഭരിച്ച തൃണമൂല്‍, കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ യാതൊന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ചെയ്തിട്ടില്ല. തന്റെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തുന്നതിനുള്ള ശ്രമങ്ങളാണ് മമത ബാനര്‍ജി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 294 സീറ്റുകളില്‍ 200 സീറ്റുകളും നേടാനുള്ള തയ്യാറെടുപ്പാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പു ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമായ ജയ്ശ്രീറാം വിളിയും ഇത്തവണ വീണ്ടും അമിത് ഷാ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്.

അതേസമയം, ബിജെപിയും ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചുനിന്നാലും ബംഗാളിൽ ഒന്നും സംഭവിക്കില്ലെന്ന് മമത തിരിച്ചടിച്ചു. പശ്ചിമബംഗാളിൽ കലാപം ഉണ്ടാക്കാൻ ബിജെപിയെ അനുവദിക്കില്ല. ഇവിടെ ബിജെപി ഗോളടിക്കില്ല. ഗോൾ കീപ്പര്‍ ഞാനാണ്. ബിജെപി എത്ര ഗോളടിക്കുമെന്ന് കാണാം എന്നായിരുന്നു മമതയുടെ മറുപടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com