തിയേറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റും; പ്രഖ്യാപനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍
തിയേറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റും;  പ്രഖ്യാപനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. 50 ശതമാനം സീറ്റുകളില്‍ മാത്രമെ ആളെ അനുവദിക്കാവു എന്ന കേന്ദ്ര ഉത്തരവ് നിലനില്‍ക്കുന്നതിനിടെയാണ് മമതയുടെ പുതിയ നീക്കം. കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ആളുകള്‍ മാസ്കുകള്‍ ധരിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് തിയേറ്റര്‍ ഉടമകള്‍ ഉറപ്പുവരുത്തണം. ഓരോ ഷോയ്ക്കും ശേഷവും തിയേറ്റര്‍ ശുചീകരിക്കണം.

ഓരോ ആളുകളും സ്വന്തമായി സാനിറ്റൈസര്‍ കൊണ്ട് വരണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തിയേറ്ററുകളില്‍ കൂടുതല്‍ ആളെ കയറ്റാനുള്ള മമതയുടെ നീക്കം.

തമിഴ്‌നാട്ടില്‍ കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തീയേറ്ററില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നല്‍കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തീയേറ്ററുകളുടെ പ്രവര്‍ത്തനം പനഃരാരംഭിക്കുമ്ബോള്‍ 50 ശതമാനം മാത്രം പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തമിഴ്‌നാട് സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com