കോവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 17066 പുതിയകേസുകള്‍; തമിഴ്‌നാട്ടില്‍ അഞ്ച് ലക്ഷത്തിലധികം രോഗ ബാധിതര്‍
India

കോവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 17066 പുതിയകേസുകള്‍; തമിഴ്‌നാട്ടില്‍ അഞ്ച് ലക്ഷത്തിലധികം രോഗ ബാധിതര്‍

ആന്ധ്ര പ്രദേശില്‍ ഇന്ന് 7956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 17,066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10,77,374 ആയി. 257 പേരാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 15,789 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു.

ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 7,55,850 ആയി. 70.16 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു. 2.77 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ മരണ നിരക്ക്. 2,91,256 ആണ് ആക്ടീവ് കേസുകള്‍.

53,21,116 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 10,77,374 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ സംസ്ഥാനത്ത് 17,12,160 പേര്‍ ഹോം ക്വാറന്റീനിലും 37,198 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്.

അതിനിടെ, സംസ്ഥാനത്ത് ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്കുനല്‍കുന്ന അതേ പരിഗണന നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു.

ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് അതിവേഗം ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആംബുലന്‍സുകള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കാനാണ് നിര്‍ദ്ദേശം.

തമിഴ്‌നാട്ടില്‍ 5,752 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,08,511 ആയി ഉയര്‍ന്നു. ഇന്ന് 53 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 8434 ആയി.

ഇന്ന് 5799 പേര്‍ കോവിഡ് മുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 4,53,165 ആയി. 46,912 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.

ആന്ധ്ര പ്രദേശില്‍ ഇന്ന് 7956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,75,079 ആയി ഉയര്‍ന്നു. 60 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ ആന്ധ്രയിലെ ആകെ കോവിഡ് മരണം 4972 ആയി ഉയര്‍ന്നു.

ഇന്ന് മാത്രം 9764 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 4,76,903 ആയി. 93,204 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Anweshanam
www.anweshanam.com