'ഈ വ്യാജ മരുന്നിന്റെ വില്‍പന ഇവിടെ നടക്കില്ല'; രാംദേവിന്റെ കോവിഡ് മരുന്നിന് മഹാരാഷ്ട്രയില്‍ വിലക്ക്
India

'ഈ വ്യാജ മരുന്നിന്റെ വില്‍പന ഇവിടെ നടക്കില്ല'; രാംദേവിന്റെ കോവിഡ് മരുന്നിന് മഹാരാഷ്ട്രയില്‍ വിലക്ക്

ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് താക്കീതുമായി രംഗത്തെത്തിയത്. 

By News Desk

Published on :

മുംബൈ: പതഞ്ജലി സ്ഥാപകന്‍ രാംദേവിന്റെ കോവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് താക്കീതുമായി രംഗത്തെത്തിയത്.

‘വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്,’ അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. കൊറോണിലിന്റെ മരുന്നില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍ ദേശ്മുഖ് ട്വീറ്റില്‍ കുറിച്ചു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന ഹാഷ്ടാഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കൊറോണിലിന്റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം എടുത്ത തീരുമാനത്തെ അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു.

എന്നാല്‍ രാംദേവിന്റെ മരുന്നിനെ സ്വാഗതം ചെയ്ത് ആയുഷ് മന്ത്രാലയം രംഗത്തെത്തിയിരുന്നു. രാംദേവ് രാജ്യത്തിന് പുതിയ മരുന്ന സംഭാവന ചെയ്തത് നല്ല കാര്യമാണെന്നും എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കൂവെന്നും മന്ത്രി ശ്രീപഥ് നായിക് നേരത്തെ പറഞ്ഞിരുന്നു.

കോവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കും എന്നുമാണ് രാം ദേവിന്റെ പതജ്ഞലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതജ്ഞലി ആയുര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം

Anweshanam
www.anweshanam.com