മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 459 കോവിഡ് മരണങ്ങള്‍

19,164 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 459 കോവിഡ് മരണങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 459 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 19,164 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

തുടക്കം മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഒരു ഘട്ടത്തിലും രോഗബാധയില്‍ കുറവ് രേഖപ്പെടുത്താതിരുന്ന സംസ്ഥാനം നിലവില്‍ ഗുരുതര അവസ്ഥയിലെത്തിയിരിക്കുകയാണ്.

ഇതുവരെ 12,82,963 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,74,993 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം മരണപ്പെട്ട 459 പേരടക്കം സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 34,435 പേരാണ്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 1,129 പേരാണെന്നതു കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് മഹാരാഷ്ട്രയുടെ കണക്കുകള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2.68 ശതമാനമാണ് മഹാരാഷ്ട്രയുടെ മരണനിരക്ക്.

മഹാരാഷ്ട്രയിലെ പൊലീസ് സേനയില്‍ വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നതും സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തലവേദനയാകുന്നുണ്ട്. ഇതുവരെ 21,988 പേര്‍ക്കാണ് സേനയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 3381 പേര്‍ ചികിത്സയിലുണ്ട്.

അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 17,184 പേര്‍ക്ക് രോഗം ഭേദമായിരുന്നു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 9,73,214 ആയി. 75.68 ശതമാനാണ് ഇവിടുത്തെ രോഗമുക്തി നിരക്ക്.

Related Stories

Anweshanam
www.anweshanam.com