മധ്യപ്രദേശിൽ ഓക്​സിജൻ കിട്ടാതെ നാലു മരണം; ഒരാളെന്ന് അധികൃതർ; കള്ളം പറയുകയാണെന്ന് കുടുംബം

മധ്യപ്രദേശിൽ ഓക്​സിജൻ കിട്ടാതെ നാലു മരണം; ഒരാളെന്ന് അധികൃതർ; കള്ളം പറയുകയാണെന്ന് കുടുംബം

ഭോപാൽ: മധ്യപ്രദേശിലെ ജില്ല ആശുപത്രിയിൽ ഓക്​സിജൻ ലഭ്യമാകാത്തതിനെ തുടർന്ന്​ നാലു​ കോവിഡ്​ രോഗികൾ മരിച്ചതായി റിപ്പോർട്ട്. ഭർവാനിയിലെ ജില്ല ആശുപത്രിയിലാണ്​ ദാരുണ മരണം ഉണ്ടായത്. ​ആശുപത്രിയിൽ രോഗികൾക്ക്​ ഓക്​സിജൻ ലഭ്യമാകാത്തതിനെ തുടർന്നാണ് തങ്ങളുടെ ഉറ്റവരെ നഷ്ടമായതെന്ന് കുടുംബം ആരോപിച്ചു.

എന്നാൽ, ശനിയാഴ്ച രാത്രി ഓക്​സിജൻ വിതരണം തടസപ്പെട്ടതായി ആശുപത്രി അധികൃതർ സ്​ഥിരീകരിച്ചെങ്കിലും ഓക്​സിജൻ ലഭിക്കാതെ ഒരു രോഗി മാത്രമാണ്​ മരിച്ചതെന്നായിരുന്നു വിശദീകരണം. മറ്റു മൂന്നുപേരും ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചതെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.

ഓക്​സിജൻ ലഭ്യമാകാത്തതിനെ തുടർന്ന്​ ശ്വസമെടുക്കാൻ കഷ്​ടപ്പെടുന്ന രോഗികളെ ബന്ധുക്കൾ സഹായിക്കുന്ന വിഡിയോകൾ ദേശീയമാധ്യമങ്ങൾക്ക്​ ലഭിച്ചിരുന്നു. അരമണിക്കൂറിലധികം രോഗികൾക്ക്​ ഓക്​സിജൻ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതർ കള്ളംപറയുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ ബന്ധുക്കൾ ഭർവാനി അഡീഷനൽ കലക്​ടർ ലോകേഷ്​ കുമാർ ജാങ്കിഡിന് പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായും ഉചിതമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com