മധ്യപ്രദേശ് മന്ത്രിസഭ വിപുലീകരിച്ചു, 28 പുതിയ മന്ത്രിമാര്‍
India

മധ്യപ്രദേശ് മന്ത്രിസഭ വിപുലീകരിച്ചു, 28 പുതിയ മന്ത്രിമാര്‍

മധ്യപ്രദേശിന്‍റെ ചുമതലകൂടിയുള്ള ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്‍റെ മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

By News Desk

Published on :

ഭോപ്പാല്‍: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മധ്യ പ്രദേശില്‍ മന്ത്രിസഭാ വിപുലീകരണം. 28 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11 മണിക്ക് മധ്യപ്രദേശ് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിന്‍റെ ചുമതലകൂടിയുള്ള ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്‍റെ മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരില്‍ 12 പേര്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമെത്തിയവരാണ് എന്നതാണ് പ്രത്യേകത. ജൂണ്‍ 30നായിരുന്നു മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണ൦ ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 2 ദിവസം കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി മടങ്ങിയെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ വിപുലീകരണ൦ സംബന്ധിച്ച പ്രത്യേക പ്രഖ്യാപനമൊന്നും നടത്തിയില്ല.

മുഖ്യമന്ത്രിയുടെ നിലപാടുകളോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ള വിയോജിപ്പാണ് മന്ത്രിസഭാ വിപുലീകരണം വൈകുന്നതിനുള്ള കാരണമെന്നും എം.എല്‍.എമാരില്‍ ആരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നതില്‍ ആശയക്കുഴപ്പമാണെന്നും സൂചനകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്‍ ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായത് എന്നാണ് സൂചന.

കോൺഗ്രസിൽ നിന്ന് വന്നവരെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച പല ബിജെപി നേതാക്കളെയും അവസാന നിമിഷം ഒഴിവാക്കേണ്ടിയും വന്നു. സംസ്ഥാനത്തെ പല മുതിർന്ന നേതാക്കളെയും തഴഞ്ഞാണ് കോൺഗ്രസിൽ നിന്നെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്. സംസ്ഥാന ബിജെപി നേതാക്കൾ പലരും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന....

മാര്‍ച്ച് 23നാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ഒരു മാസത്തോളം ഏകാംഗ മന്ത്രിസഭയായിരുന്നു മധ്യപ്രദേശിനെ നയിച്ചത്. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് വന്‍ വിമര്‍ശനം ഉയര്‍ത്തിയതോടെ ചൗഹാന്‍ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം ഏപ്രില്‍ 21ന് നടത്തിയിരുന്നു.

Anweshanam
www.anweshanam.com