പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു അന്ത്യം
പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി ഗായകനും പത്മ പുരസ്‌കാര ജേതാവുമായ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു അന്ത്യം. ജസ്‌രാജിന്റെ മരണ വിവരം മകള്‍ ദുര്‍ഗാ ജസ് രാജാണ് അറിയിച്ചത്.

മേവതി ഘരാനയില്‍ ഉള്‍പ്പെട്ട ഹിന്ദുസ്ഥാനി ഗായകന്‍ ആയിരുന്നു അദ്ദേഹം. 80 വര്‍ഷക്കാലം നീണ്ട സംഗീത ജീവിതത്തിനിടെ പത്മ ശ്രീ , പത്മഭൂഷണ്‍ , പത്മ വിഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഹരിയാണയിലെ ഹിസാറില്‍ 1930-ലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോത്തി റാമില്‍നിന്നാണ് സംഗീത പഠനം തുടങ്ങിയത്. അപൂര്‍വ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ബാബ ശ്യാം മനോഹര്‍ ഗോസ്വാമി മഹാരാജാവിന്റെ ശിക്ഷണത്തില്‍ ഹവേലി സംഗീതത്തില്‍ ഗവേഷണം നടത്തി. ജുഗല്‍ബന്ദി സംഗീതത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്‌ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്‌കര്‍ പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്‌ന അവാര്‍ഡ്, ഭാരത് മുനി സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാനിയിലെ മേവതി ഘരാന സമ്പ്രദായത്തിലെ വിഖ്യാത പ്രതിഭയായ പണ്ഡിറ്റ് ജസ്‍രാജ് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുണ്ട്. തുംരി ശൈലിയും ഖയാലുകളും സമന്വയിപ്പിച്ച സംഗീതകാരന്‍ ജുഗല്‍ബന്ദിയില്‍ സ്വന്തമായ ശൈലി ആവിഷ്‍കരിച്ചു. സപ‍്തര്‍ഷി ചക്രബര്‍ത്തി, രമേഷ് നാരായണ്‍ അടക്കമുള്ള വലിയ ശിഷ്യസമ്പത്ത് ജസ്‍രാജിന് സ്വന്തമായുണ്ട്. കൂടാതെ വിദേശത്തും ഇന്ത്യയിലും നിരവധി സംഗീത വിദ്യാലയങ്ങളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com