കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കോവിഡ്; ഒരു മരണം

കോവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്
കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കോവിഡ്; ഒരു മരണം

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ കുംഭമേളക്കെത്തിയ 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ച വിവരം പുറത്തായത്. കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലങ്ങള്‍ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാല്‍ രോഗികളുടെ എണ്ണം 2000 വരെ ഉയര്‍ന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഹരിദ്വാറിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കുംഭമേളയുടെ പശ്ചാത്തലത്തിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ട്.

കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്. കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാൻ എത്തുന്നത്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്നാനത്തില്‍ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്. രാജ്യത്ത് ഇന്ന് പ്രതിദന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടിരുന്നു,​

No stories found.
Anweshanam അന്വേഷണം
www.anweshanam.com