കോവാക്‌സിന്‍: 2021 ല്‍ പുറത്തിറക്കാനായേക്കും; പ്രതീക്ഷയോടെ ഭാരത് ബയോടെക്ക്

പരീക്ഷണം നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത വര്‍ഷം ജൂണില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു.
കോവാക്‌സിന്‍: 2021 ല്‍ പുറത്തിറക്കാനായേക്കും;  പ്രതീക്ഷയോടെ ഭാരത് ബയോടെക്ക്

ന്യൂഡെല്‍ഹി: 2021 ല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഇന്നലെയാണ് അനുമതി നല്‍കിയത്. ഭാരത് ബയോടെക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ( ഐസിഎംആര്‍) സഹകരിച്ചാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. 30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക.

പരീക്ഷണം നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത വര്‍ഷം ജൂണില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക്കിന്റെ പദ്ധതി.

10 സംസ്ഥാനങ്ങളിലായി ദില്ലി, മുംബൈ, പട്ന, ലഖ്നൗ ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പരിശോധനകള്‍ നടത്തിയതിന്റെ പഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് ഭാരത് ബയോടെക് മൂന്നാം ഘട്ട പരീക്ഷണത്തിന് അപേക്ഷ നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്.

Related Stories

Anweshanam
www.anweshanam.com