ഞങ്ങൾ അവരെ കാണും, കേൾക്കും, നീതി കിട്ടുന്നത് വരെ പോരാടും: കെ സി വേണുഗോപാൽ

ഈ കാട്ടുനീതി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന ഞങ്ങളുടെ നിലപാടിനെ തുടർന്ന് അഞ്ചു പേർക്ക് മാത്രം യു പി യിലേക്ക് കടക്കാൻ അനുമതി നൽകുകയായിരുന്നുവെന്ന് കെ സി വേണുഗോപാൽ
ഞങ്ങൾ അവരെ കാണും, കേൾക്കും, നീതി കിട്ടുന്നത് വരെ പോരാടും: കെ സി വേണുഗോപാൽ

ന്യൂഡൽഹി: ഹത്രാസിലെ പെൺകുട്ടിയുടെ മരണത്തിൽ നീതികിട്ടുന്നത് പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. നരാധന്മാർ പിച്ചിച്ചീന്തിയ, ജീവിതത്തിലും മരണത്തിലും ഭരണകൂടത്താൽ സാമാന്യ നീതി നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ഞങ്ങൾ മുന്നോട്ടു പോവുകയാണെന്ന് വേണുഗോപാൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ഞങ്ങളുടെ സംഘത്തെ യു പി അതിർത്തിയിൽ യോഗിയുടെ പോലീസുകാർ വീണ്ടും തടയാൻ ശ്രമിച്ചു. ഈ കാട്ടുനീതി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന ഞങ്ങളുടെ നിലപാടിനെ തുടർന്ന് അഞ്ചു പേർക്ക് മാത്രം യു പി യിലേക്ക് കടക്കാൻ അനുമതി നൽകുകയായിരുന്നുവെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നരാധന്മാർ പിച്ചിച്ചീന്തിയ, ജീവിതത്തിലും മരണത്തിലും ഭരണകൂടത്താൽ സാമാന്യ നീതി നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ഞങ്ങൾ മുന്നോട്ടു പോവുകയാണ്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ഞങ്ങളുടെ സംഘത്തെ യു പി അതിർത്തിയിൽ യോഗിയുടെ പോലീസുകാർ വീണ്ടും തടയാൻ ശ്രമിച്ചു. ഈ കാട്ടുനീതി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന ഞങ്ങളുടെ നിലപാടിനെ തുടർന്ന് അഞ്ചു പേർക്ക് മാത്രം യു പി യിലേക്ക് കടക്കാൻ അനുമതി നൽകുകയായിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാർലമെൻറ് അംഗങ്ങളും മുതിർന്ന നേതാക്കളുമടക്കമുള്ളവർക്ക്‌ യു പി യിലേക്ക് സന്ദർശന അനുമതി നിഷേധിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആ കുടുംബത്തെ കാണുന്നതിനെ ആദിത്യനാഥും ബിജെപിയും ഭയക്കുന്നത് എന്തിനാണെന്നത് ഇന്ന് രാജ്യത്തെ കൊച്ചു കുട്ടികൾക്കുപോലുമറിയാം.

നരാധമന്മാർ കടിച്ചുകീറിയ ആ പെൺകുട്ടിയുടെ മൃതദേഹത്തോടു പോലും നീതി കാട്ടാത്ത യു പി യിലെ ഈ ബി ജെ പി സർക്കാർ രാജ്യത്തിന് തന്നെ അപമാനമാണ്. ആ സംസ്ഥാനത്തെ ജനങ്ങൾക്ക് ഭാരമാണ്. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവർക്കു അവകാശമില്ല. പിച്ചിച്ചീന്തപ്പെട്ട ആ കുരുന്നിന്റെ മൃതശരീരം പോലും മാതാപിതാക്കളെ കാണിക്കാത്ത ഭരണകൂടമാണ് യോഗിയുടേത്. അവർ സമൂഹത്തോട് സംസാരിക്കുന്നതു വിലക്കാൻ ഫോൺ പോലും പിടിച്ചുവാങ്ങി. ഭീഷണിപ്പെടുത്തി ആട്ടിയകറ്റി മുറിയിൽ പൂട്ടിയിട്ടാണ് ഇരയുടെ മൃതശരീരം പോലീസുകാർ കത്തിച്ചുകളഞ്ഞത്.

ഈ കൊടുംക്രൂരതക്കെതിരെ നീതിനിഷേധത്തിനെതിരെ ഞങ്ങൾ പോരാടും. ആ ദളിത് കുടുംബത്തിനൊപ്പമാണ് കോൺഗ്രസ്. ഞങ്ങൾ അവരെ കാണും. അവർക്കു പറയാനുള്ളത് കേൾക്കും. അവർക്കു നീതി ലഭിക്കുന്നതുവരെ അവർക്കൊപ്പം പോരാടും. ഒരു ശക്തിക്കുമാവില്ല ഞങ്ങളെ തടുക്കാൻ.

Related Stories

Anweshanam
www.anweshanam.com