കർതാർപൂർ ഇടനാഴി തുറക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം നിരസിച്ച് ഇന്ത്യ
India

കർതാർപൂർ ഇടനാഴി തുറക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം നിരസിച്ച് ഇന്ത്യ

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മൂന്നുമാസം മുമ്പാണ്​ കർതാർപൂർ ഇടനാഴി അടച്ചത്

M Salavudheen

ന്യൂഡൽഹി: സിഖ്​ തീർഥാടകർക്കായി കർതാർപൂർ ഇടനാഴി തുറക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ഇന്ത്യ നിരസിച്ചു. ജൂൺ 29ന് ഇടനാഴി തുറന്നു നൽകാമെന്നായിരുന്നു പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സിഖ്​ ഗുരു മഹാരാജ രഞ്​ജിതി​​ന്റെ ചരമ വാർഷികത്തോടനുബന്ധിച്ചാണ് ഇടനാഴി തുറക്കാൻ പാകിസ്ഥാൻ​ തീരുമാനിച്ചത്. കർതാർപൂർ ഇടനാഴി തുറക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായും പാകിസ്ഥാൻ വിദേശ വക്താവ്​ അറിയിച്ചിരുന്നു.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മൂന്നുമാസം മുമ്പാണ്​ കർതാർപൂർ ഇടനാഴി അടച്ചത്. ഇന്ത്യ താൽകാലികമായി തീർഥാടനം റദ്ദാക്കുകയും ചെയ്​തിരുന്നു. അതിർത്തി കടന്നുള്ള യാത്രയുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനം ആരോഗ്യ വിദഗ്ധരുമായും മറ്റ് അധികൃതരുമായും ബന്ധപ്പെട്ട ശേഷമേ കൈക്കൊള്ളാനാകൂവെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

രണ്ടുദിവസത്തിനകം കർതാർപൂർ ഇടനാഴി തുറക്കുമെന്ന് പ്രഖ്യാപിച്ച് നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. ഉഭയകക്ഷി ധാരണപ്രകാരം ഏഴ് ദിവസം മുമ്പ് ഇന്ത്യ യാത്രാ വിവരങ്ങൾ പാകിസ്താനുമായി പങ്കുവെക്കേണ്ടതുണ്ട്.

പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്ന്​ നാലു കിലോമീറ്റർ അകലെ പാകിസ്​താനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത്​ ദർബാർ സാഹിബിലാണ്.

Anweshanam
www.anweshanam.com