പാവപ്പെട്ടവര്‍ക്ക് അരി ലഭ്യമാക്കാന്‍ റൈസ് എടിഎമ്മുകള്‍; പുതിയ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍
India

പാവപ്പെട്ടവര്‍ക്ക് അരി ലഭ്യമാക്കാന്‍ റൈസ് എടിഎമ്മുകള്‍; പുതിയ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതു വിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റൈസ് ഡിസ്‌പെന്‍സിംഗ് മെഷീനുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്

News Desk

News Desk

ബംഗളൂരു: പാവപ്പെട്ടവര്‍ക്ക് അരി ലഭ്യമാക്കാനായി റൈസ് എടിഎമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതു വിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റൈസ് ഡിസ്‌പെന്‍സിംഗ് മെഷീനുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. റൈസ് എടിഎമ്മുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവയ്ക്കായി ഉപഭോക്താക്കള്‍ക്ക് ബാങ്ക് എടിഎമ്മുകളിലേതിന് സമാനമായ ബയോ മെട്രിക് സംവിധാനമോ സ്മാര്‍ട്ട് കാര്‍ഡോ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്- ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്.

24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പു വരുത്താനും റേഷന്‍ കടകള്‍ക്ക് മുന്നില്‍ ദീര്‍ഘ നേരം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ് റൈസ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ ഗോപാലയ്യ വ്യക്തമാക്കി.

കോവിഡ് ലോക്ക്ഡൗണിനിടെ ഇന്‍ഡോനീഷ്യയും വിയറ്റ്‌നാമും റൈസ് എടിഎമ്മുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആ മാതൃകയാണ് കര്‍ണാടകയും പിന്തുടരാന്‍ ഒരുങ്ങുന്നത്. പരീക്ഷണാര്‍ഥം രണ്ട് റൈസ് എടിഎമ്മുകളാവും ആദ്യം സ്ഥാപിക്കുക. പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വ്യാപിപ്പിക്കും.

പകല്‍ സമയത്ത് ജോലിക്ക് പോകേണ്ടതിനാല്‍ റേഷന്‍ കടകളില്‍ പോകാന്‍ സമയം ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബിപിഎല്‍) യുള്ളവരെ മുന്നില്‍ക്കണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മന്ത്രി കെ. ഗോപാലയ്യ പറഞ്ഞു. നൂറ് കിലോയും 500 കിലോയും വീതം അരി സംഭരിക്കാന്‍ ശേഷിയുള്ള രണ്ടുതരം മെഷീനുകളാവും സ്ഥാപിക്കുക. മെഷിനില്‍ നാണയമിട്ടാല്‍ ആവശ്യക്കാര്‍ക്ക് നിശ്ചിത അളവില്‍ ധാന്യം ലഭിക്കും.

ബാങ്ക് എടിഎമ്മുകളിലേതിന് സമാനമായ ബയോ മെട്രിക് സംവിധാനമോ സ്മാര്‍ട്ട് കാര്‍ഡോ ഗുണഭോക്താക്കള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ അന്നഭാഗ്യ പദ്ധതി പ്രകാരം 2013 മുതല്‍ അഞ്ച് കിലോ അരി വീതം നല്‍കുന്നുണ്ട്. എപിഎല്‍ വിഭാഗക്കാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കിലും അരി ലഭ്യമാക്കുന്നുണ്ട്.

Anweshanam
www.anweshanam.com