കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് കങ്കണ റണാവത്ത്

ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പരാമര്‍ശം
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് കങ്കണ റണാവത്ത്

മുംബൈ: കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് അധിക്ഷേപിച്ച്‌ ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പരാമര്‍ശം.

കാർഷിക ബില്ല് പാസാക്കിയതിനു പിന്നാലെ വിവിധ ഭാഷകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ കർഷകർ ഭയപ്പെടാനില്ലെന്നും ഒരുതരത്തിലും ബില്ല് അവരെ ഹാനികരമായി ബാധിക്കില്ലെന്നും മോദി ട്വീറ്റിലൂടെ സൂചിപ്പിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ പരാമർശം. ‘ഉറങ്ങുന്നവരെ ഉണർത്താം. പക്ഷേ, ഉറക്കം നടിക്കുന്നവരെ എങ്ങനെയാണ് ഉണർത്തുക? ഒരു പൗരനും പൗരത്വം നഷ്ടമായില്ലെങ്കിലും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച തീവ്രവാദികളാണ് ഇതിനും പിന്നിൽ’- കങ്കണ കുറിച്ചു.

കര്‍ഷക ബില്ലിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായിരിക്കയാണ് കങ്കണയുടെ പരാമര്‍ശം. പ്രതിഷേധങ്ങളെ മറികടന്ന് ഇന്നലെയാണ് കാര്‍ഷിക പരിഷ്‌കരണ ബില്‍ ഇന്നലെ രാജ്യസഭയില്‍ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ശബ്ദ വോട്ടോടു കൂടി സർക്കാർ ബിൽ പാസാക്കിയത്. ബില്ല് കർഷകരുടെ മരണവാറണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചു. കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. പഞ്ചാബിലെ ബിജെപി സഖ്യകക്ഷിയായ ഷിരോമണി അകാലി ദൾ ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചു.

ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം, തൃണമുല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com