ബിജെപി വനിതാ സ്ഥാനാര്‍ത്ഥിയെ 'ഐറ്റം' എന്ന് വിളിച്ച് കമല്‍നാഥ്; പ്രതിഷേധം ശക്തം

കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനോഭാവമാണിതെന്ന് ശിവരാജ് സിംഗ് ചൗഹാന്‍.
ബിജെപി വനിതാ സ്ഥാനാര്‍ത്ഥിയെ 'ഐറ്റം' എന്ന് വിളിച്ച് കമല്‍നാഥ്; പ്രതിഷേധം ശക്തം

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വനിതാ നേതാവിനെ ‘ഐറ്റം’ എന്ന് വിളിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കമല്‍നാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ദാബ്രയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ ഈ പരാമര്‍ശം. പ്രദേശത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമാര്‍തി ദേവിയെയാണ് അദ്ദേഹം ‘ഐറ്റം’ എന്ന് സംബോധന ചെയ്തത്. ‘ഞാനെന്തിന് അവരുടെ പേര് പറയണം? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരെ നന്നായി അറിയാമല്ലോ. എന്തൊരു ഐറ്റമാണ് അത്’- എന്നായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.

പ്രസ്താവന വിവാദമായതോടെ നിരവധി പേര്‍ കമല്‍നാഥിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് കമല്‍നാഥില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്.

‘ഒരു ദരിദ്ര കര്‍ഷകന്റെ മകളാണ് ഇമാര്‍തി ദേവി. അവിടെ നിന്നും ജനസേവനത്തിനായി ജീവിതം മാറ്റിവെച്ചു അവര്‍. ഒരു സ്ത്രീയെ ‘ഐറ്റം’ എന്നൊക്കെ വിളിച്ച് ഉള്ളിലെ ഫ്യൂഡല്‍ മനോഭാവം വീണ്ടും തെളിയിക്കുകയാണ് കോണ്‍ഗ്രസ്. ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച 10 മണിമുതല്‍ 1 മണിവരെ നിശബ്ദ പ്രതിഷേധം നടത്തും- ചൗഹാന്‍ പറഞ്ഞു.

ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണോ ഇത്തരം പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തുന്നതെന്ന് ഇമാര്‍തി ദേവി ചോദിച്ചു. സ്ത്രീകള്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ പിന്നെങ്ങനെ അവര്‍ പൊതുധാരയിലേക്ക് ഇറങ്ങുമെന്നും ദേവി എഎന്‍ഐയോട് പ്രതികരിച്ചു.

വിവാദ പരാമര്‍ശത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ദളിത് വിഭാഗത്തെയും സ്ത്രീകളെയും അപമാനിച്ചുവെന്ന് കാട്ടിയാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശില്‍ നവംബര്‍ 3 നാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബര്‍ 10നാണ് ഫലപ്രഖ്യാപനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com