പ്രിയങ്കാ ഗാന്ധി നല്‍കിയ ഉറപ്പിലാണ് ജയ്പൂരിലേക്ക് മാറിയത്: ഡോ. കഫീല്‍ ഖാന്‍
India

പ്രിയങ്കാ ഗാന്ധി നല്‍കിയ ഉറപ്പിലാണ് ജയ്പൂരിലേക്ക് മാറിയത്: ഡോ. കഫീല്‍ ഖാന്‍

ഉത്തര്‍പ്രദേശില്‍ നില്‍ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു.

News Desk

News Desk

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

” പ്രിയങ്കാ ഗാന്ധി എന്നെ വിളിച്ചിരുന്നു. എന്നോട് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ പറഞ്ഞു. യുപി സര്‍ക്കാര്‍ എന്നെ മറ്റേതെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ ഉത്തര്‍പ്രദേശില്‍ നില്‍ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ യുപിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു,” കഫീല്‍ ഖാന്‍ വ്യക്തമാക്കിയതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ ഒന്നാം തിയതിയാണ് അലഹബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അന്ന് 11 മണിയോടെ അദ്ദേഹത്തെ മോചിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യുപി പൊലീസ് അറസ്റ്റുചെയ്തത്.

Anweshanam
www.anweshanam.com