
ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലക്കേസിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൂടി ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾ മുരുകൻ എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. കോണ്‍സ്റ്റബിള്‍ മുത്തുരാജ് പോലീസ് കസ്റ്റഡിയിലാണെങ്കിലും എഫ്ഐആറില്‍ ഇതുവരെ ഇദ്ദേഹത്തിന്റെ പേര് ചേര്‍ത്തിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് സാത്താൻകുളം പൊലീസ് സ്റ്റേഷൻ എസ്ഐ രഘു ഗണേഷിനെ കഴിഞ്ഞ ദിവസം കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡി മരണത്തിന്റെ ഉത്തരവാദികളെ സർക്കാർ ഏറ്റവും ഉയർന്ന ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുമെന്ന് തമിഴ്നാട് നിയമമന്ത്രി സി വി ഷൺമുഖം ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. രഘു ഗണേഷിനെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് പുറമെ സ്റ്റേഷനിലെ എട്ട് പോലീസുകാര്‍കൂടി ആരോപണവിധേയരായിട്ടുണ്ട്. കൊലപാതകത്തില്‍ ഇവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്. മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി ഇന്നലെയാണ് അന്വേഷണം ആരംഭിച്ചത്. തിരുനെല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വനിതാ കോൺസ്റ്റബിളിന്റേയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ ജയരാജനും മകന് ബെന്നിക്സും പോലീസ് മര്‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ബെനിക്സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെന്നിക്സ് ആക്രമിച്ചെന്നുമായിരുന്നു പോലീസിന്റെ എഫ്ഐആര്‍. എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിനെതിരെ വന്‍ പ്രതിഷേധം ഉടലെടുത്തതിന് പിന്നാലെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്.