പുതിയ ഭൂനിയമം - എന്‍ഐഎ റെയ്ഡ്: കാശ്മീരില്‍ പിഡിപി പ്രതിഷേധത്തില്‍

കഴിഞ്ഞ ദിവസങ്ങളില്‍ ആറു എന്‍ജിഒ ഓഫീസുകളിലും ഗ്രേറ്റര്‍ കശ്മിര്‍ ദിനപത്ര ഓഫീസിലും എന്‍ഐഎ റെയ്ഡ് നടത്തി.
പുതിയ ഭൂനിയമം - എന്‍ഐഎ റെയ്ഡ്: കാശ്മീരില്‍ പിഡിപി പ്രതിഷേധത്തില്‍
woraput chawalitphon

ന്യൂ ഡല്‍ഹി: പുതിയ ഭൂനിയമത്തിനെതിരെയും തുടരുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡുകള്‍ക്കുമെതിരെ കാശ്മീരില്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി - എഎന്‍ഐ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ആറു എന്‍ജിഒ ഓഫീസുകളിലും ഗ്രേറ്റര്‍ കാശ്മീരില്‍ ദിനപത്ര ഓഫീസിലും എന്‍ഐഎ റെയ്ഡ് നടത്തി. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ശ്രീനഗര്‍ സ്‌പോട്‌സ് സമുച്ഛത്തിന് സമീപം പ്രതിഷേധ ധര്‍ണ നടത്തിയ പിഡിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിച്ചത്. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ഈ കരിനിയമത്തില്‍ ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ പോലും പ്രകടിപ്പിക്കുവാനാകുന്നില്ല. ജനകീയ ഇച്ഛ കണക്കിലെടുക്കാതെയാണ് പുതിയ ഭൂനിയമങ്ങള്‍ക്ക് രൂപം നല്‍കപ്പെടുന്നത് - പിഡിപി പ്രവര്‍ത്തകര്‍ പറയുന്നു.

ഇതിനിടെ, അറസ്റ്റു ചെയ്യപ്പെട്ട തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ പോലും പൊലീസ് തന്നെ അനുവദിക്കുന്നില്ലെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. സിവില്‍ സമൂഹത്തിനോ രാഷട്രീയ പ്രവര്‍ത്തര്‍ക്കോ ഇവിടെ അഭിപ്രായം രേഖപ്പെടുത്താന്‍ അവകാശമില്ലാത്തവസ്ഥയാണ്. കാശ്മീര്‍ ഒന്നാകെ ജയിലിന് തത്തുല്യമെന്ന് പിഡിപി അദ്ധ്യക്ഷ കുറ്റപ്പെടുത്തി.

ഒക്ടോബര്‍ 27 ലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ലഡാക്കിലും ജമ്മുകാശ്മീരിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആര്‍ക്കുവേണമെങ്കിലും ഭൂമി വാങ്ങാം. ജമ്മു കാശ്മീര്‍ ജനതയുടെ അവകാശങ്ങളെ ഇനിയും അപ്പാടെ തകിടംമറിക്കുവാന്‍ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമെന്ന് മുഫ്തി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിലെ 26 ലധികം നിയമങ്ങള്‍ റദ്ദുചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടുണ്ട്.

തങ്ങള്‍ക്കിഷ്ടമല്ലാത്തവരെ മെരുക്കുവാനും ഒതുക്കുവാനുമായ ദേശീയ അന്വേഷണ ഏജന്‍സിയെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണ് - തുടരുന്ന എന്‍ഐ റെയ്ഡുകളെപ്രതി പിഡിപി അദ്ധ്യക്ഷ പ്രതികരിച്ചു.

Related Stories

Anweshanam
www.anweshanam.com