രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈ 15 വരെ റദ്ദാക്കി
India

രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈ 15 വരെ റദ്ദാക്കി

നിലവില്‍ ഷെഡ്യുള്‍ ചെയ്തിരിക്കുന്ന എല്ലാ സര്‍വീസുകളും ജൂലൈ പതിനഞ്ച് അര്‍ദ്ധരാത്രി വരെ സര്‍വീസ് നടത്തില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു

Sreehari

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂലൈ 15 വരെ സര്‍വീസ് റദ്ദാക്കി. നിലവില്‍ ഷെഡ്യുള്‍ ചെയ്തിരിക്കുന്ന എല്ലാ സര്‍വീസുകളും ജൂലൈ പതിനഞ്ച് അര്‍ദ്ധരാത്രി വരെ സര്‍വീസ് നടത്തില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

എന്നാല്‍, ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. ഡിജിസിഎ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായുള്ള ഫൈ്‌ളറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഒന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 22നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. മറ്റ് രാജ്യങ്ങള്‍ എയര്‍ സ്‌പെയ്‌സ് തുറക്കുന്നതിനെ കൂടി ആശ്രയിച്ചായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് വ്യോമയാന മന്ത്രി ഇക്കഴിഞ്ഞ ഇരുപതിന് വ്യക്തമാക്കിയിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

അതിനിടെ, വിമാന സര്‍വീസുകള്‍ക്ക് അനുമതി തേടിക്കൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. യു.എസ്, ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും വ്യോമയാനമന്ത്രി പറഞ്ഞിരുന്നു.

Anweshanam
www.anweshanam.com