റേറ്റിങ്ങിൽ തട്ടിപ്പ്: റിപ്പബ്ലിക് ഉൾപ്പെടെ മൂന്ന് ചാനൽക്കെതിരെ അന്വേഷണം; അർണബിനെ ചോദ്യം ചെയ്യും

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതായും പൊലീസ് അറിയിച്ചു
റേറ്റിങ്ങിൽ തട്ടിപ്പ്: റിപ്പബ്ലിക്  ഉൾപ്പെടെ മൂന്ന് ചാനൽക്കെതിരെ അന്വേഷണം; അർണബിനെ ചോദ്യം ചെയ്യും

മുംബൈ: ടെലിവിഷൻ റേറ്റിങ്ങിൽ കൃത്രിമത്വം കാണിച്ചെന്ന് കണ്ടെത്തിയ റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്കെതിരെ മുംബൈ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ റിപബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യുമെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് പറഞ്ഞു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതായും പൊലീസ് അറിയിച്ചു. ഒരാളുടെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറില്‍ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയതായും മുംബൈ പൊലീസ് കമ്മീഷണര്‍ പറഞ്ഞു.ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ മറാത്തി ചാനലുകളുടെ ഉടമകളെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷന്‍ 409, 420 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസ് പറയുന്നത്. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടതായും പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്തവര്‍ വരെ ഇംഗ്ലീഷ് ചാനല്‍ വീക്ഷിക്കുന്നതായി രേഖകളുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കുകയെന്നും പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ബാര്‍ക്ക് അധികാരികളെ വിളിപ്പിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. റിപബ്ലിക് ടി.വി നേരത്തെ തന്നെ തങ്ങളുടെ സംശയ പട്ടികയിലുണ്ടായിരുന്നതായി ബാര്‍ക് അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മുംബൈയില്‍ ഇത്തരത്തില്‍ കൃത്രിമം നടക്കുന്നുണ്ടെങ്കില്‍ രാജ്യത്തെല്ലായിടത്തും കൃത്രിമം നടക്കുന്നതായും മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് വ്യക്തമാക്കി. സംഭവം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com