കൈക്കൂലി നല്‍കിയില്ല; 14കാരന്‍റെ കട നഗരസഭ ഉദ്യോഗസ്ഥര്‍ തകര്‍ത്തതായി ആരോപണം

100 രൂപ നല്‍കാന്‍ വിസമ്മതിച്ചതായിരുന്നു പ്രകോപനമുണ്ടാക്കിയത്.
കൈക്കൂലി നല്‍കിയില്ല; 14കാരന്‍റെ കട നഗരസഭ ഉദ്യോഗസ്ഥര്‍ തകര്‍ത്തതായി ആരോപണം

ഭോപ്പാല്‍: കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പതിനാലുകാരന്‍ മുട്ടക്കച്ചവടം നടത്തിയിരുന്ന ഉന്തുവണ്ടി നഗരസഭ ഉദ്യോഗസ്ഥര്‍ തകര്‍ത്തതായി ആരോപണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നഗരസഭാ ജീവനക്കാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ട 100 രൂപ നല്‍കാന്‍ വിസമ്മതിച്ചതായിരുന്നു പ്രകോപനമുണ്ടാക്കിയതെന്നും പതിനാലുകാരന്‍ പറയുന്നു.

റോഡ് സൈഡില്‍ ഉന്തുവണ്ടി നിര്‍ത്തിയിട്ട് കച്ചവടം ചെയ്യണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നാണ് നഗരസഭാ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചതോടെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയായി. ഇതിന് പിന്നാലെയാണ് ഉന്തുവണ്ടി മറിച്ചിട്ടത്. വില്‍പ്പനയ്ക്കായി എത്തിച്ച മുട്ടകള്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമത്തില്‍ ഉടഞ്ഞുപോയി.

വണ്ടി മറിച്ചിട്ട ശേഷം നടന്ന് നീങ്ങുന്ന ജീവനക്കാരോട് പതിനാലുകാരന്‍ തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ചര്‍ച്ചയാകുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ക് ഡൗണും കോവിഡ് 19നും കൊണ്ട് ജീവിത മാര്‍ഗം തേടി നിരവധിപ്പേരാണ് വിവിധ സാധനങ്ങളുടെ ചെറുകിട കച്ചവടവുമായി തെരുവുകളിലേക്ക് എത്തുന്നത്. പഴം, പച്ചക്കറി, മീന്‍ തുടങ്ങി ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്താനായി ആളുകള്‍ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കുന്നത്.

മധ്യപ്രദേശില്‍ കച്ചവടക്കാര്‍ക്ക് ലെഫ്റ്റ് റൈറ്റ് സിസ്റ്റമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് കുറയാനായി റോഡിന്‍റെ ഒരു വശത്തെ കടകള്‍ ഒരു ദിവസവും എതിര്‍ വശത്തെ കടകള്‍ അടുത്ത ദിവസവും തുറക്കുന്ന രീതിയാണിത്. എന്നാല്‍ ഈ തീരുമാനം തെരുവോര കച്ചവടക്കാര്‍ക്ക് ഇരട്ട പ്രഹരമാണെന്നാണ് വ്യാപക വിമര്‍ശനം.

Related Stories

Anweshanam
www.anweshanam.com