കോവിഡ് പരിശോധനാ സൗകര്യമൊരുക്കി ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
India

കോവിഡ് പരിശോധനാ സൗകര്യമൊരുക്കി ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ലാണ് പരിശോധനയ്ക്കായുളള സംവിധാനം ഒരുക്കിയിരിക്കുന്നത്

News Desk

News Desk

ന്യൂഡല്‍ഹി: കോവിഡ് 19 പരിശോധനാസൗകര്യം ഒരുക്കിയ രാജ്യത്തെ ആദ്യ വിമാനത്താവളമായി ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ലാണ് പരിശോധനയ്ക്കായുളള സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന് ഇതുസഹായിക്കുമെന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പരിശോധനയ്ക്കായി ബുക് ചെയ്യാം. 4-6 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. മറ്റിടങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തുന്നവര്‍ വിമാനത്താവളത്തിലെത്തിച്ചേരുന്ന സമയം കണക്കാക്കി മുന്‍കൂട്ടി സമയം ബുക് ചെയ്യാന്‍ വിമാനത്താവള അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്നവര്‍ വിമാനം പുറപ്പെടുന്നതിന് മുമ്പായി പരിശോധനാഫലം ലഭിക്കുന്നത് കണക്കാക്കി സമയം ബുക് ചെയ്യാനാണ് നിര്‍ദേശം. ഓണ്‍ലൈന്‍ വഴി പരിശോധനയ്ക്കായി ബുക് ചെയ്യുമ്പോള്‍ തന്നെ പേര്, ബന്ധപ്പെടാനുളള വിശദാംശങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ യാത്രക്കാര്‍ നല്‍കണം. ബുക്ക് ചെയ്ത സമയത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ സമയം പുനഃക്രമീകരിക്കുന്നതിനും അവസരമുണ്ട്. ഒരേ കുടുംബത്തിലുളളവര്‍ക്ക് ഒരു സ്ലോട്ട് ബുക് ചെയ്താല്‍ മതിയാകും.

പരിശോധനാഫലം വരുന്നത് വരെ യാത്രക്കാരെ കാത്തിരിപ്പുകേന്ദ്രത്തില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. 3500 ചതുരശ്ര അടി സ്ഥലത്താണ് പരിശോധനാകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

Anweshanam
www.anweshanam.com