ചരക്ക് ഗതാഗതത്തിലൂടെ നഷ്ടം നികത്താന്‍ റെയില്‍വെ
India

ചരക്ക് ഗതാഗതത്തിലൂടെ നഷ്ടം നികത്താന്‍ റെയില്‍വെ

ചരക്കു നീക്കം കഴിഞ്ഞ വർഷത്തേതിനു തുല്യമായി നടക്കുന്നുണ്ട്.

By News Desk

Published on :

ന്യൂ ഡല്‍ഹി: കോവിഡ് 19 വ്യാപനവും ലോക്ക് ഡൗണും തുടർന്നുള്ള ട്രെയിൻ റദ്ദാക്കലുകളും കാരണം യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ 2021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയിൽവെയ്ക്ക് 35,000 കോടിയോളം രൂപയുടെ നഷ്‍ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യാത്രാക്കൂലി വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 50,000 കോടി രൂപയായിരുന്നുവെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

നിലവിൽ ഇന്ത്യൻ റെയിൽവേയുടെ 230 പ്രത്യേക ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. റെയിൽ‌വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളിൽ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തിൽ നിന്നുള്ള വരുമാനം കൊണ്ടു നികത്താൻ ശ്രമിക്കുകയാണു റെയിൽവെ. ചരക്കു നീക്കം കഴിഞ്ഞ വർഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.

230 സ്പെഷൽ ട്രെയിനുകളാണ് റെയിൽവെ ഓടിക്കുന്നത്. ഇതിൽ വിരലില്‍ എണ്ണാവുന്നവ ഒഴിച്ച് ബാക്കിയുള്ളതിൽ കഷ്ടിച്ച് 75% ആണ് യാത്രക്കാരുളളത്. ഈ സാമ്പത്തിക വർഷം റെയിൽ‌വെയുടെ ചരക്ക് വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം ഉയരുമെന്നും യാദവ് പറയുന്നു. എന്നാൽ പാസഞ്ചർ വിഭാഗ വരുമാനം 10-15% മാത്രമായിരിക്കുമെന്നാണ് റെയിൽവെ പ്രതീക്ഷിക്കുന്നത്. അതായത് 35000ത്തിനും 40000 കോടിക്കും ഇടയിൽ നഷ്ടമുണ്ടാകും.

2020-21 കാലയളവിൽ ചരക്കുനീക്കത്തിൽ നിന്നുള്ള റെയിൽവെയുടെ വരുമാനം 1.47 ട്രില്യൺ രൂപയായിരിക്കും. പാസഞ്ചർ വരുമാനം 61,000 കോടി രൂപയായി ഉയരുമെന്നാണ് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്. ചരക്കു നീക്കം കഴിഞ്ഞ വർഷം ഇതേ സമയം 3.12 മില്യൺ ടണ്ണായിരുന്നത് 0.3% ഉയർന്ന് 3.13 മില്യൺ ടണ്ണായിട്ടുണ്ട്. റെയിൽവെ ഏർപ്പെടുത്താനുദ്ദേശിക്കുന്ന സീറോ ബേസ്ഡ് ടൈം ടേബിൾ വരുന്നതോടെ ചരക്കു നീക്കം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Anweshanam
www.anweshanam.com