
ന്യൂഡല്‍ഹി: ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യയില്‍ നിന്ന് യു.കെയിലേക്കും തിരിച്ചുമുളള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും.
ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. ജനുവരി എട്ടോടെ യു.കെ.യിലേക്കുള്ളതും തിരിച്ചുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
അതേസമയം, ജനുവരി 23 വരെ ആഴ്ചയില്‍ 15 വിമാനം മാത്രമേ ഉണ്ടാകൂ. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നാകും വിമാന സര്‍വിസ്. ആദ്യം ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് വിമാന സര്‍വിസ് വിലക്കിയത്. പിന്നീട് ജനുവരി ഏഴ് വരെ നീട്ടുകയായിരുന്നു.
കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം യു.കെയില്‍നിന്ന് ഇന്ത്യയിലെത്തിയത് 33,000 യാത്രക്കാരാണ്. 70 ശതമാനം വ്യാപനശേഷി കൂടിയ വൈറസാണ് യു.കെയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ത്യയെ കൂടാതെ നിരവധി രാജ്യങ്ങളും വിമാന സര്‍വിസ് വിലക്കുകയായിരുന്നു.