രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രി അവസാനഘട്ട ഒരുക്കത്തില്‍
India

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രി അവസാനഘട്ട ഒരുക്കത്തില്‍

20 ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ഹോസ്പിറ്റലാണ് രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ പോകുന്നത്.

Harishma Vatakkinakath

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികള്‍ക്കായി പതിനായിരം കിടക്കകളും സൗകര്യങ്ങളും ഒരുക്കി ഛത്തര്‍പൂരില്‍ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അവസാനഘട്ട ഒരുക്കത്തിലാണ്. ഡല്‍ഹിയിലെ രാധ സോമി സത്സംഗ് ബിയാസിനുള്ളിൽ 300 ഏക്കറോളം വിസ്തൃതിയുള്ള കാമ്പസിനുള്ളിലാണ് ഈ താത്കാലിക ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 20 ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ഹോസ്പിറ്റലാണ് രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ പോകുന്നത്. കോവിഡ് 19 കേസുകൾ കൈകാര്യം ചെയ്യാൻ പാടുപെടുന്ന രാജ്യ തലസ്ഥാനത്ത് ഇത് ബെഡ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും.

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ആണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. കോവിഡ് കെയർ സെന്ററിന് മെഡിക്കൽ സ്റ്റാഫും പിന്തുണയും നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം ഐടിബിപിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രാധ സോമി ബിയാസ് ഛത്തര്‍പൂര്‍ ക്യാമ്പസ്, പാർപ്പിടം ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള മറ്റ് സഹായങ്ങൾ നൽകുമ്പോൾ ഡല്‍ഹി സർക്കാർ ഭരണപരമായ എല്ലാ പിന്തുണയും നൽകാന്‍ സന്നദ്ധമാണ്.

2000 രോഗികളെയാണ് ആദ്യഘട്ടത്തില്‍ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സി‌എ‌പി‌എഫ്), ഐ‌ടി‌ബി‌പി എന്നിവയില്‍ നിന്ന് 160 ഡോക്ടര്‍മാരാണ് ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ നിയമിക്കപ്പെട്ടിട്ടുള്ളത്. വൈകാതെ ഇത് 1000 ഡോക്ടര്‍മാരായി മാറിമെന്നും, ഒരു ഡോക്ടര്‍ക്ക് നാല് നഴ്സിങ് സ്റ്റാഫ് എന്ന തോതില്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

300 ഏക്കർ സ്ഥലത്ത് 10,200 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്, ഇതില്‍ 70 ഏക്കര്‍ ക്വാരന്‍റൈന്‍ സംവിധാനത്തിനായി ഉപയോഗിക്കും. പ്രകടമായ രോഗ ലക്ഷണങ്ങളില്ലാത്ത പോസിറ്റീവ് കേസുകള്‍ക്കായി കോവിഡ് കെയര്‍ സെന്‍റര്‍ (സിസിസി), ഗുരുതര രോഗികള്‍ക്കായി ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് കെയര്‍ (ഡിസിഎച്ച്സി) എന്നിങ്ങനെ രണ്ട് വിഭാഗമായാണ് ആശുപത്രി തരംതിരിച്ചിട്ടുള്ളത്. 10 ശതമാനം കിടക്കകളാണ് ഡിസിഎച്ച്സിയിലുള്ളത് . ഇവിടെ ഓക്സിജന്‍ സിലിണ്ടര്‍ സംവിധാനമടക്കം ക്രമീകരിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ ഉപയോഗിക്കുന്ന കട്ടില്‍, കിടക്ക, തലയിണ തുടങ്ങിയവ ജൈവ വിസര്‍ജ്യമായതിനാല്‍, ഉപയോഗ ശേഷം നശിപ്പിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. വിവിധ ബ്ലോക്കുകളിലായാണ് കിടക്കകള്‍ സജ്ജീകരിച്ചിട്ടുള്ളത്. 100 കിടക്കകള്‍ അടങ്ങുന്ന 88 ബ്ലോക്കുകളുടെ ചാര്‍ട്ട് ഇതിനോടകം തന്നെ തയ്യാറാണ്. എല്ലാ ബ്ലോക്കുകളിലും ഏസി സംവിധാനവുമുണ്ട്.

75 ലധികം ആംബുലൻസുകളാണ് ആശുപത്രി ആവശ്യങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. 500 മൂത്രപ്പുരകളും ബയോ ടോയ്‌ലറ്റുകൾ ഉൾപ്പെടെ 450 ബാത്ത് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി സൗകര്യമൊരുക്കിയിരിക്കുന്നത് ഡല്‍ഹി പോലീസിന്‍റെ മേല്‍നോട്ടത്തിലാണ്. ആന്റി ബാക്ടീരിയൽ കോട്ടിംഗുള്ള പിവിസി ഫ്ലോറിംഗാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ വിനോദത്തിനായി ഒന്നിലധികം എൽഇഡി സ്ക്രീനുകൾ, 50 ഇ-റിക്ഷകൾ കുടിവെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ട്.

Anweshanam
www.anweshanam.com