രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു; 13,254 മരണം
India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു; 13,254 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15413 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. 4,10,461 പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15413 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകളുടെ എണ്ണം ഒരു ദിവസം 15000 കടന്ന് ഇത്രയുമാകുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 306 പേര്‍ക്ക് കൊറോണ ജീവഹാനി സംഭവിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ രാജ്യത്ത് 169451 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. 2,27,756 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 13254 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 3,874 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 160 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 1.28 ലക്ഷമായി. 5,984 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. മുംബൈയില്‍ മാത്രം ഇതുവരെ 65,329 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതില്‍ 3,561 പേരാണ് മരണമടഞ്ഞത്.

ഡല്‍ഹിയില്‍ ഇന്നലെ 77 പേര്‍ മരിക്കുകയും 3,630 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 56,746 ആയി ഉയര്‍ന്നു. ഇതുവരെ 2,112 പേരാണ് ഇവിടെ മരിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്നലെ 2,396 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ 38 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 56,845 ആയി. 704 പേരാണ് ഇതുവരെ മരിച്ചത്.

Anweshanam
www.anweshanam.com