ആറുദിവസത്തിനിടെ 1.1 ലക്ഷം രോഗികൾ; രാജ്യത്ത് രോഗബാധിതർ അഞ്ചര ലക്ഷത്തിലേക്ക്
India

ആറുദിവസത്തിനിടെ 1.1 ലക്ഷം രോഗികൾ; രാജ്യത്ത് രോഗബാധിതർ അഞ്ചര ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 19,906 കേസുകളും 384 മരണവുമാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,106 ആയി ഉയര്‍ന്നു.

By Thasneem

Published on :

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ 19,906 കേസുകളും 384 മരണവുമാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,106 ആയി ഉയര്‍ന്നു. രാജ്യത്ത് ആറുദിവസത്തിനിടെ 1.1 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3,21,774 പേരാണ് വൈറസിനെ അതിജീവിച്ചത്. 2,10,880 പേർ ചികില്‍സയിലാണ്.

രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളിലാണ് കോവിഡ് ഏറെ നാശം വിതച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 5,493 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 156 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 1,59,133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,273 പേര്‍ മരിച്ചു. 84,245 പേർ രോഗമുക്തരായി. 67,615 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്.

ഡല്‍ഹിയില്‍ പുതുതായി 2,889 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 65 മരണവും റിപോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 83,077 ആയും മരണസംഖ്യ 2,623 ആയും ഉയര്‍ന്നു. 52,607 പേര്‍ രോഗമുക്തരായി.

തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 82,275 ആയി. മരണം 1,079. രോഗം ഭേദമായവര്‍ 45,537. പുതുതായി 3,940 രോഗബാധയും 54 മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ മൂന്നിലൊന്ന് കേസുകളും ചെന്നൈയിലാണ്. ഇവിടെ മാത്രം ഞായറാഴ്ച 1,992 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ പുതുതായി 1,267 കേസുകളാണ് കണ്ടെത്തിയത്. ബംഗളൂരുവില്‍ മാത്രം 783 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com