ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നും പിന്മാറാൻ ഇരു സൈന്യങ്ങളും ധാരണയായി
India

ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നും പിന്മാറാൻ ഇരു സൈന്യങ്ങളും ധാരണയായി

വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്. രാവിലെ 11:30 ഓടെ ചൈനീസ് പ്രദേശമായ മോൾഡോയിൽ ആരംഭിച്ച ചർച്ച ഏകദേശം 11 മണിക്കൂർ നീണ്ടു നിന്നുവെന്നാണ് വിവരം.

Ruhasina J R

ന്യുഡൽഹി: സംഘർഷാവസ്ഥ നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ നിന്നും സേനാ പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. ഇന്നലെ നടന്ന കോർ കമാൻഡർതല ചർച്ചയിൽ പിൻവാങ്ങാൻ ഇരുസൈന്യവും തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്. സൈനിക പിന്‍മാറ്റത്തിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.

ഈ വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്. രാവിലെ 11:30 ഓടെ ചൈനീസ് പ്രദേശമായ മോൾഡോയിൽ ആരംഭിച്ച ചർച്ച ഏകദേശം 11 മണിക്കൂർ നീണ്ടു നിന്നുവെന്നാണ് വിവരം. മാത്രമല്ല ചൈനീസ് പ്രകോപനത്തിൽ ഇന്ത്യ ശക്തമായ എതിർപ്പും രേഖപ്പെടുത്തി എന്നാണ് വിവരം.

കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ധാരണയുമായി ചർച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസത്തിൽ രണ്ടാം തവണയാണ് ഇരു രാജ്യങ്ങളിലേയും സൈനിക കമാൻഡർമാർ തമ്മിൽ ചർച്ച നടത്തുന്നത്.

ഇതിന് മുൻപ് ജൂൺ ആറിനാണ് ഇരുരാജ്യങ്ങളിലേയും കമാൻഡർമാർ തമ്മിൽ ചർച്ച നടത്തിയത്. അന്നത്തെ ചർച്ചയിൽ പ്രദേശങ്ങളിൽ നിന്നും ഒരു രാജ്യങ്ങളും പിന്മാറാമെന്ന് ധാരണ ആയിയെങ്കിലും ഇതെല്ലാം കാറ്റിൽ പറപ്പിച്ചുകൊണ്ടാണ് ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യം പ്രകോപനം നടത്തിയത്.

Anweshanam
www.anweshanam.com