അശാന്തമാകുന്ന അതിര്‍ത്തികളും അവകാശവാദങ്ങളും
India

അശാന്തമാകുന്ന അതിര്‍ത്തികളും അവകാശവാദങ്ങളും

വിവേകത്തോടെ പെരുമാറേണ്ട ഈ ഘട്ടത്തില്‍ പരസ്പര വൈരികളായി പകരംവീട്ടാനുള്ള വികാരം ഗുണം ചെയ്യുമോ?

By Harishma Vatakkinakath

Published on :

നാലരപതിറ്റാണ്ടിനു ശേഷം ഇന്ത്യ-ചൈന അതിര്‍ത്തി കുരുതിക്കളമായിരിക്കുകയാണ്. ഒരുമാസത്തിലേറെയായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന് അയവുവരുത്താനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലേക്കു നീങ്ങുന്നെന്ന് കേന്ദ്രസർക്കാർ അറിയിച്ച് അധികം വൈകാതെ തന്നെ സംഘര്‍ഷഭരിതമായ അതിര്‍ത്തിയില്‍ സൈനികര്‍ മരിച്ചുവീണു. അങ്ങനെ സൈനികതലത്തിലും നയതന്ത്രതലത്തിലും നടത്തിയ സമാധാനശ്രമങ്ങൾക്ക് അല്പായുസ്സായി.

ആഗോള തലത്തില്‍ കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ യുദ്ധ കാഹളങ്ങളാണ് രാജ്യത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നത്. വിവേകത്തോടെ പെരുമാറേണ്ട ഈ ഘട്ടത്തില്‍ പരസ്പര വൈരികളായി പകരംവീട്ടാനുള്ള വികാരം ഗുണം ചെയ്യുമോ?

3488 കിലോമീറ്റർ വരുന്ന ഇന്ത്യാ-ചൈന അതിർത്തിയെച്ചൊല്ലി എക്കാലത്തും തർക്കം നിലനിന്നിരുന്നെങ്കിലും 1975-നുശേഷം ഒരൊറ്റ പട്ടാളക്കാരനും കൊല്ലപ്പെട്ടിരുന്നില്ല. മൂന്നുകൊല്ലംമുമ്പ് ദോക്‌ലാമിൽ ഇരുസൈന്യവും 72 ദിവസം കൊമ്പുകോർത്തിരുന്നു. എന്നാല്‍ ഇത് മരണത്തില്‍ കലാശിച്ചില്ല. മേയ് ആദ്യം ലഡാക്കിന്റെയും സിക്കിമിന്റെയും ഏതാനും ഭാഗങ്ങളിൽ കടന്നുകയറിയ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) പിന്മാറാൻ ഒരുക്കമല്ലെന്നുതന്നെയാണ് പുതിയ സംഭവവികാസങ്ങളിലൂടെ വ്യക്തമാകുന്നത്.

തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന ഇന്ത്യൻ പ്രദേശങ്ങളിൽ നടക്കുന്ന അടിസ്ഥാനസൗകര്യവികസനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. ചർച്ചകളുടെ ഫലമായി പി.എൽ.എ. പിൻവാങ്ങുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനുപിന്നാലെ, ലഡാക്കിലെ ഡാർബുക്-ഷ്യോക്-ദൗലത്ത് ബേഗ് ഓൾഡി റോഡിന്റെ പണി പുനരാരംഭിക്കുകയാണെന്നും വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ സ്വന്തം മണ്ണില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചൈനയ്ക്ക് അധികാരമില്ല. അതിർത്തിക്കപ്പുറം ചൈന നടത്തുന്നതുപോലെ റോഡും പാലവും സൈനികർക്കുള്ള പാർപ്പിടങ്ങളുമെല്ലാമാണ് ഇന്ത്യയും പണിയുന്നത്.

നിയന്ത്രണ രേഖയും അവകാശവാദങ്ങളും

ചൈനയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തിയെ വേര്‍തിരിക്കുന്നതാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി). എല്‍എസിയ്ക്ക് 3,488 കിമീ ദൂരം ഉണ്ടെന്ന് ഇന്ത്യയും, 2,000 കിമീ ദൂരമുണ്ടെന്ന് ചൈനയും കണക്കാക്കുന്നു. കിഴക്കന്‍ മേഖല, മധ്യ മേഖല, പടിഞ്ഞാറന്‍ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളാക്കിയാണ് ഇത് വിഭജിച്ചിരിക്കുന്നത്. കിഴക്കന്‍ മേഖലയില്‍ അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളും മധ്യമേഖലയില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളും പടിഞ്ഞാറന്‍ മേഖലയില്‍ ലഡാക്കും ഉള്‍പ്പെടും.

കിഴക്കന്‍ മേഖലയിലുള്ള എല്‍എസിയുടെ കൂടിച്ചേരല്‍ 1914 ലെ മക് മോഹന്‍ രേഖയിലാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ബരാഹോട്ടി ഒഴികെ മധ്യ മേഖലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ ഏറ്റവും വിവാദം കുറഞ്ഞ പ്രദേശങ്ങളാണ്.

പടിഞ്ഞാറന്‍ മേഖലയിലാണ് പ്രധാനമായും അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ നിലനില്‍ക്കുന്നത്. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിനു ശേഷം, 1959 നവംബറിലെ നിയന്ത്രണരേഖയ്ക്ക് പിന്നില്‍ 20 കിമീ ഉള്‍വലിഞ്ഞിരിക്കുന്നതായി ചൈനക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍, ഇന്ത്യ ഇത് നിരസിച്ചു. 2017 ലെ ദോക്ലാം പ്രതിസന്ധിയ്ക്കിടെ 1959 ലെ എല്‍എസി കര്‍ശനമായി പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയും ചൈനയും എല്‍എസി മാപ്പ് ഔദ്യോഗികമായി കൈമാറിയിട്ടില്ല. എല്‍എസി വ്യക്തമാക്കുന്ന പ്രക്രിയ 2002 മുതല്‍ തടസ്സപ്പെട്ടിരുന്നു. ഇന്ത്യയുടേതായ എല്‍എസിയുടെ മാപ്പ് പൊതുവായി എവിടെയും ലഭ്യമല്ല. 2015 മെയില്‍, പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിനിടെ എല്‍എസി വ്യക്തമാക്കുന്ന നിര്‍ദ്ദേശം ചൈന നിരസിക്കുകയും ചെയ്തിരുന്നു.

അക്‌സായ് ചിനും, ജില്‍ജിത് ബലിസ്താനും ഉള്‍പ്പെടെ ഇന്ത്യന്‍ സര്‍വ്വെ പുറത്തുവിട്ട മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക അതിര്‍ത്തിയിലാണ് ഇന്ത്യ നിയന്ത്രണ രേഖ അംഗീകരിച്ചിരിക്കുന്നത്. അതെ സമയം, അരുണാചല്‍ പ്രദേശ്, ദക്ഷിണ തിബറ്റ്, കിഴക്കന്‍ മേഖല എന്നിവയെല്ലാം ചൈന അവകാശപ്പെടുന്നവയാണ്. അന്തിമ അന്താരാഷ്ട്ര അതിര്‍ത്തികളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് അവകാശപ്പെടുന്ന രേഖകളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നത്.

ചൈന ശ്രമിക്കുന്നതെന്തിന്?

വുഹാനിലും മഹാബലിപുരത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ ഉച്ചകോടികളിൽ ധാരണയായ പെരുമാറ്റമര്യാദകളുടെ നഗ്നമായ ലംഘനമാണ് ചൈന നടത്തിയിരിക്കുന്നത്. അതിർത്തിയിലെ നിർമാണപ്രവർത്തനങ്ങൾ ഒരു കാരണമാക്കി ഇന്ത്യയിൽ കടന്നുകയറി ലോകത്തിനുമുന്നിൽ ആത്മാഭിമാനം കാക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നു.

ഇന്ത്യ-യുഎസ് സൗഹൃദം, ഇൻഡോ-പസഫിക് മേഖലയിൽ അതു വരുത്താനിടയുള്ള മാറ്റങ്ങള്‍ തുടങ്ങി ചൈനയെ അസ്വസ്ഥമാക്കുന്ന ഘടകങ്ങള്‍ പലതാണ്. കൂടാതെ, ചൈനയ്‌ക്കെതിരേയുള്ള യു.എസ്, ജപ്പാൻ, ഓസ്‌ട്രേലിയ സഖ്യത്തിലെ അംഗമാണ് ഇന്ത്യ. ജി-7 വിപുലീകരണമാഗ്രഹിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ അടുത്തിടെ അതിലേക്കു ക്ഷണിച്ചപ്പോൾ തെക്കുകിഴക്കനേഷ്യയിലെ സാമ്പത്തികശക്തിയായ ചൈനയെ ഒഴിവാക്കിയതും കല്ലുകടിയായി.

ലോകരാജ്യങ്ങളെ ഒന്നൊഴിയാതെ പിടികൂടിയ കോവിഡ്-19 മഹാമാരിയുടെ ഉദ്‌ഭവസ്ഥാനമെന്ന നിലയിൽ ആഗോളതലത്തിൽ ചൈന നേരിടുന്ന പഴികള്‍ മറ്റൊരു കാരണമാകാം. അതെ സമയം, ഇന്ത്യയ്ക്ക് വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്നത് വര്‍ദ്ധിച്ച സ്വീകാര്യതയും അംഗീകാരങ്ങളുമാണ്. ഇത്തരം അഭിമാനക്ഷതങ്ങളാകാം ഷിയുടെ പട്ടാളത്തെ സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്.

സമാധാന ചര്‍ച്ചകളും, തര്‍ക്ക പരിഹാരങ്ങളുമാണ് ഈ ഘട്ടത്തില്‍ അനിവാര്യം. അയല്‍രാജ്യങ്ങള്‍ ചിരവൈരികളാകുന്നത് ആരോഗ്യകരമല്ല. അതിര്‍ത്തിയിലെ ജാഗ്രതയും തയ്യാറെടുപ്പും ഒട്ടും കുറയ്ക്കാതെ തന്നെ ഇന്ത്യ ഈ സാഹചര്യം നേരിടണം. യുദ്ധ കാഹളങ്ങള്‍ പതിറ്റാണ്ടുകളായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്ന വസ്തുതയ്ക്ക് വിലകൊടുത്തു കൊണ്ടാകണം ഓരോ നീക്കങ്ങളും.

Anweshanam
www.anweshanam.com