സമ്പൂര്‍ണ ഗോവധ നിരോധന നിയമം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ അറുക്കാനാകൂ.
സമ്പൂര്‍ണ ഗോവധ നിരോധന നിയമം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സമ്പൂര്‍ണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ (2020) നിയമം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഇരുസഭകളിലും പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ വാജുഭായ് വാല ഒപ്പുവെച്ചതോടെയാണ് നിയമമായത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ അറുക്കാനാകൂ. എന്നാല്‍ പോത്തിന്റെ വയസ്സു തെളിയിക്കുക എന്നത് വെല്ലുവിളിയാകുന്നതോടെ ഫലത്തില്‍ സംസ്ഥാനത്തിനകത്ത് സമ്ബൂര്‍ണ ബീഫ് നിരോധനം വന്നേക്കും.

നിയമമനുസരിച്ച് പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ അറുക്കാമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പോത്തിന്റെ വയസ്സ് തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ കുറ്റകൃത്യമായി മാറും.അതേസമയം, 'സദുദ്ദേശ്യ'ത്തോടെ കന്നുകാലികളെ അറുക്കുന്നത് തടയുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകില്ലെന്നും അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ ഇറച്ചി കയറ്റുമതി-ഇറക്കുമതി ചെയ്യുന്നതും മറ്റു സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നതിനും പുതിയ നിയമം തിരിച്ചടിയാകും.കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകല്‍, കന്നുകാലികള്‍ക്കു നേരെയുള്ള ക്രൂരത എന്നിവക്ക് കുറ്റവാളികള്‍ക്ക് മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പിഴയും നല്‍കുന്നതാണ് നിയമം. കുറ്റം ആവര്‍ത്തിച്ചാല്‍ ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com