ആശങ്ക പടരുന്നു; എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

അതേസമയം, രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആശങ്ക പടരുന്നു; എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

ഹൈദരബാദ്: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ രോഗബാധിതരായി മൃഗങ്ങളും. ഹൈദരബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

നാല് ആണ്‍സിംഹങ്ങള്‍ക്കും നാല് പെണ്‍ സിംഹങ്ങള്‍ക്കുമാണ് രോഗം ബാധിച്ചത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം എത്തരത്തിലാണ് മൃഗങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സിംഹങ്ങളെ സിടി സ്‌കാനിന് വിധേയമാക്കും.

അതേസമയം, രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന് അറിയാന്‍ വിശദമായ പരിശോധന നടത്തുമെന്ന് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്. 380 ഏക്കര്‍ വിസ്താരമുള്ള സുവോളജിക്കല്‍ പാര്‍ക്കില്‍ 1500 മൃഗങ്ങളാണ് ഉള്ളത്. എന്നാല്‍ സംഭവത്തില്‍ മൃഗശാല ഡയറക്ടറും ക്യുറേറ്ററും ഇതുവരെ പ്രതികരിച്ചിട്ടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com