നിരപരാധികള്‍ക്ക് നീതിയുറപ്പാക്കേണ്ടത് കോടതികളെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍

ചെയ്യാത്ത കുറ്റത്തിന് പീഡനമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതാണ്.
നിരപരാധികള്‍ക്ക് നീതിയുറപ്പാക്കേണ്ടത് കോടതികളെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍

ന്യൂ ഡല്‍ഹി: കെട്ടിച്ചമച്ച കേസുകളിലൂടെ രാജ്യദ്രോഹക്കുറ്റം, ദേശീയ സുരക്ഷാ നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലടക്കുന്ന രീതി വര്‍ദ്ധിക്കുകയാണെന്ന് സുപ്രീംകോടതി മുന്‍ജഡ്ജ് മദന്‍ ബി ലോക്കൂര്‍. സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2018 ല്‍ മാത്രം രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് 70 പേര്‍ക്കെതിരെയാണ്. എന്നാല്‍ എല്ലാവരും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന് അവരനുഭവിച്ച പീഡനത്തിന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിപാരം കൊടുത്താല്‍ പോലും പരിഹാരമാകുന്നതല്ല അവരനുഭവിച്ച മാനസിക പീഡനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിയമങ്ങള്‍ക്ക് കുറവില്ലെന്നും നിരപരാധികള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളാണെന്നും സുപ്രീംകോടതി മുന്‍ ജഡ്ജ് എകെ പട്‌നായ്ക് പറഞ്ഞു. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി പല സംവിധാനങ്ങളേയും വ്യക്തികള്‍ക്കെതിരെ യഥേഷ്ടം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com