ബംഗളൂരു വൈറസിനെ വരുതിയിലാക്കിയതെങ്ങനെ?
India

ബംഗളൂരു വൈറസിനെ വരുതിയിലാക്കിയതെങ്ങനെ?

1.3 കോടി ജനസംഖ്യയുള്ള മെട്രോ നഗരമായ ബംഗളൂരുവില്‍ 732 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Harishma Vatakkinakath

Harishma Vatakkinakath

ജൂണ്‍ പതിനഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കോവിഡ് കേസുകളില്‍ 38 ശതമാനവും മുംബൈ, ചെന്നൈ, ഡല്‍ഹി തുടങ്ങിയ മൂന്ന് മെട്രോ നഗരങ്ങളില്‍ നിന്നാണ്. മുംബൈയില്‍ 58,226 കേസുകളും, ഡല്‍ഹിയില്‍ നിന്ന് 42,182 കേസുകളും, ചെന്നൈയില്‍ നിന്ന് 31,186 കോവിഡ് കേസുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ കേവലം 732 കേസുകള്‍ മാത്രമാണ് 1.3 കോടി ജനസംഖ്യയുള്ള മെട്രോ നഗരമായ ബംഗളൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദൈനംദിന കൊവിഡ് കേസുകളുടെ കാര്യത്തിലും കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരു വളരെ പുറകിലാണ്. ഡല്‍ഹിയിലും മുംബൈയിലും ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ കോവിഡ് പോസിറ്റീവാകുമ്പോള്‍, ബംഗളൂരുവില്‍ അമ്പതില്‍ താഴെ കേസുകള്‍ മാത്രമേ സ്ഥിരീകരിക്കുന്നുള്ളൂ എന്നതും ആശ്വാസമാകുന്നു. രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള വ്യത്യസ്തരായ ജനലക്ഷങ്ങളാല്‍ നിബിഡമായ ബംഗളൂരു എങ്ങനെയാണ് കോവിഡ് പ്രതിരോധത്തില്‍ മറ്റ് മെട്രോ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായത്?

മികച്ച ആസൂത്രണം, ഡാറ്റ സുതാര്യത, ഫലപ്രദമായ ട്രാക്കിംഗ് എന്നിവയുടെ ഫലമായാണ് ബംഗളൂരു ഈ നേട്ടം കൈവരിച്ചതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡാറ്റാ ട്രേസിങ്ങില്‍ കാണിച്ച മികവാണ് ഇതില്‍ എടുത്ത് പറയാനാവുന്നത്. കോവിഡ് പോസിറ്റാവാകുന്ന രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും ട്രേസ് ചെയ്യുകയും അവരെ ക്വാരന്‍റൈനിലാക്കുകയും ചെയ്തത് വൈറസ് വ്യാപനം ഒരു പരിധി വരെ തടയാന്‍ സഹായിച്ചു. മുംബൈയില്‍ 1:3 എന്ന അനുപാതത്തിലാണ് ട്രേസിങ് നടക്കുന്നതെങ്കില്‍ ബംഗളൂരുവില്‍ ഇത് 1:47 ആണ്. അതായത്, ഓരോ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സമ്പര്‍ക്കത്തിലുള്ള 47 ഓളം പേര്‍ നിരീക്ഷണത്തിലാകുന്നു എന്ന് സാരം.

ഫാര്‍മസികളില്‍ നിന്ന് ആന്‍റി ബയോട്ടിക്കുകളും, പാരസെറ്റമോളുകളും വാങ്ങുന്നവരെ ട്രേസ് ചെയ്യുകയും, അവര്‍ എന്തിനാണ് ആ മരുന്നുകള്‍ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കുകയും, സംശയാസ്പദമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ക്വാരന്‍റൈനിലാക്കുകയും ചെയ്യുന്ന വളരെ സുക്ഷമമായ നടപടികള്‍ വരെ വളണ്ടിയര്‍മാര്‍ മുഖേന ഗവണ്‍മെന്‍റ് നടപ്പിലാക്കി.

മാര്‍ച്ച് 25 നാണ് രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതെങ്കില്‍, ബംഗളൂരു അടച്ചിട്ടത് മാര്‍ച്ച് 14 നായിരുന്നു. ഇത് പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുകള്‍ തിരിച്ചറിയാനും സമൂഹ വ്യാപന സാധ്യത ഒഴിവാക്കാനും സഹായിച്ചു. തബ്ലീഗ് ജമാത്തില്‍ പങ്കെടുത്ത് തിരിച്ചു വന്ന ചിലരുടെ താമസ സ്ഥലങ്ങള്‍ കണ്ടു പിടിക്കുകയും അവയുടെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് ബംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തുന്നവരില്‍ നിന്ന് വിശദ വിവരങ്ങള്‍ ശേഖരിക്കുകയും, നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം ഫോണില്‍ വിളിച്ച് ബന്ധപ്പെടുകയും ചെയ്തു.

191 ആക്ടീവ് കണ്ടെയ്ന്‍മെന്‍റ് സോണുകളാണ് ബംഗളൂരുവിലുള്ളത്. ഇതുവരെ 64,000ത്തോളം കോവിഡ് ടെസ്റ്റുകളും നടന്നു. 15,000 പരിശോധനകള്‍ സംസ്ഥാനം നടത്താറുണ്ടായിരുന്നു. എന്നാല്‍ കഴി‍ഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് 8.000മായി ചുരുങ്ങി. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ സംസ്ഥാനത്തേക്ക് തിരികെ വരുന്നത് അവസാനിച്ചതോടെയാണ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതെന്ന് കര്‍ണാടക മെഡിക്കല്‍ എഡ്യുക്കേഷന്‍ മിനിസ്റ്ററും,ബംഗളൂരു കോവിഡ് ഓപ്പറേഷന്‍ ഇന്‍ ചാര്‍ജ്ജുമായ ഡോ.കെ സുധാകര്‍ വ്യക്തമാക്കി.

കോവിഡ് -19 രോഗികളെ കണ്ടെത്താനും ഹോം ക്വാരന്‍റൈനിന് വിധേയരാക്കാനും സാങ്കേതികവിദ്യയും നൂതന ആപ്ലിക്കേഷനുകളും ഉപയോഗിച്ചത്, കോവിഡ് പ്രതിരോധത്തില്‍ ബംഗളൂരുവിനെ ഏറെ സഹായിച്ചു. കൊറോണ വൈറസ് ബാധിച്ച എല്ലാ രോഗികളുടെയും രേഖകളടങ്ങുന്ന ഒരു കോൺടാക്റ്റ് ട്രെയ്‌സിംഗ് മൊബൈൽ അപ്ലിക്കേഷൻ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഇത് രോഗികളെ തിരിച്ചറിയാനും ഉടനടി ക്വാറന്‍റൈന്‍ ചെയ്യാനും സഹായിച്ചു. ഒരു വെബ് ആപ്ലിക്കേഷൻ പതിപ്പും ഇതിനുണ്ടായിരുന്നു. ഹരിയാനയുമായി കര്‍ണാടക ഈ ആപ്ലിക്കേഷന്‍ പ്രോട്ടോടൈപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ക്വാരന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ഒരു ക്വാരന്‍റൈന്‍ വാച്ച് ആപ്പും നിലവിലുണ്ടായിരുന്നു. നിരീക്ഷണത്തിലുള്ളവര്‍ എല്ലാ രണ്ടു മണിക്കൂറിലും തങ്ങളുടെ സെല്‍ഫികള്‍ ഈ ആപ്പില്‍ പങ്കുവയ്ക്കുക വഴി അവര്‍ ക്വാരന്‍റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനായി. കൊറോണ വൈറസിനെ നേരിടാൻ 25,000 ഡോക്ടർമാർക്കും ഫ്രണ്ട് ലൈൻ പ്രവര്‍ത്തകര്‍ക്കും ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരുന്നു കര്‍ണാടക.

ബംഗളൂരുവിന്‍റെ കോവിഡ് മരണ നിരക്ക് 1.2 ശതമാനമാണ്. അതെ സമയം, മുംബൈയില്‍ 3.7 ശതമാനവും ചെന്നൈയില്‍ 2.31 ശതമാനവും ഡല്‍ഹിയില്‍ 3.2 ശതമാനവും കൊൽക്കത്തയില്‍ 7.9 ശതമാനവുമാണ് മരണ നിരക്ക്. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള 17 ടാസ്ക് ഫോഴ്സുകളുമായി സഹകരിക്കാന്‍ ഒരു ഡിസീസ് സര്‍വൈലന്‍സ് ടീമിനെയും സംസ്ഥാന ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കര്‍ നിയമിച്ചിരുന്നു. ഒപ്പം സംസ്ഥാനത്തെ ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുതല്‍ക്കൂട്ടായി.

Anweshanam
www.anweshanam.com