സമാന്തര ടെലിവിഷന്‍ വിചാരണ വേണ്ട; അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നല്‍കിയ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി സുപ്രധാന പരാമര്‍ശം നടത്തിയത്
സമാന്തര ടെലിവിഷന്‍ വിചാരണ വേണ്ട; അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഒരു കേസില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. റിപ്പബ്ലിക്ക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നല്‍കിയ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി സുപ്രധാന പരാമര്‍ശം നടത്തിയത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വ്യക്തിഹത്യാ പ്രചരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തരൂര്‍ കോടതിയെ സമീപിച്ചത്.

സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ അര്‍ണബ് നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നില്ല. എന്നാല്‍ അര്‍ണബ് തന്റെ ചാനലിലൂടെ മരണം കൊലപാതകമാണെന്ന തരത്തിലാണ് വാദിക്കുന്നതെന്നും തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.കേസില്‍ മാദ്ധ്യമ വിചാരണ പാടില്ലെന്ന് 2017-ല്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെ മറികടന്നാണ് അര്‍ണബ് തരൂരിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നതെന്നും കപില്‍ ചൂണ്ടിക്കാണിച്ചു.

അന്വേഷണം പുരോഗമിക്കുന്ന ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ മാദ്ധ്യമങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും കേസന്വേഷണത്തിന്റെയും തെളിവുകളുടെയും പവിത്രത മാനിക്കണമെന്നും അര്‍ണബിന് അയച്ച നോട്ടീസില്‍ കോടതി പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ സമാന്തര മാദ്ധ്യമ വിചാരണ നടത്തുന്നതില്‍നിന്ന് മാദ്ധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കോടതി പറഞ്ഞു.

2014 ജനുവരി 17നാണ് ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിനെ സൌത്ത് ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com