കൂട്ടബലാത്സംഗം; യുവതിയുടെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് ദഹിപ്പിച്ചു

ഇന്ന് പുലർച്ചെ മൂന്നിനാണ് മൃതദേഹം ദഹിപ്പിച്ചത്.
കൂട്ടബലാത്സംഗം; യുവതിയുടെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് ദഹിപ്പിച്ചു

ലക്നൗ: ഉത്തർപ്രദേശ് ഹത്രാസ് സ്വദേശിയായ ദളിത് യുവതിയുടെ മൃതദേഹം പൊലീസ് തിരക്ക് പിടിച്ച് ദഹിപ്പിച്ചതായി കുടുംബം. കൂട്ടബലാത്സംഗത്തിന് ഇരയായ 19കാരിയുടെ അന്ത്യം ഡല്‍ഹി സഫ്ദർജങ് ആശുപത്രിയിൽ വച്ചായിരുന്നു. കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഗുരതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

രാത്രി അന്തിമ ചടങ്ങുകൾക്കായ് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ബലം പ്രയോഗിച്ച് യുവതിയുടെ മൃതദേഹമെടുത്തുകൊണ്ടുപോയി ദഹിപ്പിച്ചുവെന്ന് യുവതിയുടെ സഹോദരൻ വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് യുവതിയുടെ മൃതദേഹം ഗ്രാമത്തിലെത്തിയത്. പൊലീസ് ധൃതി പിടിച്ച് ഇന്ന് പുലർച്ചെ മൂന്നിന് മൃതദേഹം ദഹിപ്പിച്ചു. മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകാൻ ഗ്രാമവാസികൾ ശ്രമിച്ചു. പക്ഷേ ജില്ലാ ഭരണകൂടവും പൊലീസും ആംബുലൻസ് തടഞ്ഞുനിറുത്തി തിരിക്കുപിടിച്ച് മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.

യുവതിയുടെ സംസ്കാരം നടത്തിയത് പക്ഷേ കുടുംബാംഗങ്ങളാണെന്നാണ് പൊലീസ് സൂപ്രണ്ടൻ്റ് വിക്രാന്ത് വീർ ഹയുന്നത്. മൃതദേഹം ഹത്രാസ് ജില്ലയിലെ ബൂൾഗാരി ഗ്രാമത്തിലെത്തിയ ശേഷം പതിവുപോലെ ശവസംസ്കാരം നടത്തിയതായും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിൽ സ്ഥിതി ശാന്തമാണെന്നും കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ടൻ്റ് പറഞ്ഞു.

സെപ്റ്റംബർ 14 നാണ് ഉത്തർപ്രദേശ് ഹത്രാസ് ഗ്രാമത്തിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. പീഢനത്തിനിടെ ഗുരുതരമായി പരിക്കേല്പിക്കപ്പെട്ട യുവതി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ആദ്യം അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതിയെ ഡല്‍ഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com